നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, സംരക്ഷണം ഒരുക്കുമെന്ന് കോണ്‍ഗ്രസ്

Saturday 30 August 2025 10:55 PM IST

തിരുവനന്തപുരം: സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരണം. യുഡിഎഫ് കണ്‍വീനറും എംപിയുമായ അടൂര്‍ പ്രകാശ് ആണ് ഇക്കാര്യം പറഞ്ഞത്. മാത്രവുമല്ല സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ എല്ലാവര്‍ക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ലൈംഗിക ആരോപണം നേരിടുന്ന രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്നും രാഹുലിനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു അറിയിപ്പും തന്നെ രേഖാമൂലം ആരും അറിയിച്ചിട്ടില്ലെന്നും മാദ്ധ്യമ വാര്‍ത്തകള്‍ മാത്രമാണ് തനിക്ക് മുന്നിലുള്ളതെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാഹുല്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. ആരോപണവിധേയരായവര്‍ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണം. രാഹുലിനെതിരെ കേസ് ഇല്ല. ജനാധിപത്യ രീതിയിലാണ് മാറ്റി നിര്‍ത്തിയത്. കേസ് എടുക്കട്ടെ അപ്പോള്‍ നോക്കാം. സിപിഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അടൂര്‍ പ്രകാശ് പറഞ്ഞു. ഇടത് മുന്നണിയില്‍ ഉള്ളവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് കിട്ടുന്ന നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയര്‍ന്ന സാഹചര്യം പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്.

അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് ശേഷം ഇനിയും സ്വന്തം മണ്ഡലത്തിലേക്ക് പോകാന്‍ പോലും രാഹുലിന് കഴിഞ്ഞിരുന്നില്ല. പാലക്കാട് രാഹുല്‍ എത്തുകയോ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്താല്‍ തടയും എന്നാണ് ബിജെപിയുടെയും സിപിഎമ്മിന്റേയും നിലപാട്.