കഴക്കൂട്ടത്ത് 18 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Sunday 31 August 2025 1:49 AM IST

കഴക്കൂട്ടം: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി 33കാരൻ അറസ്റ്റിൽ.പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

കാര്യവട്ടത്തിനടുത്ത് പേരൂർ ക്ഷേത്രത്തിന് സമീപം ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടീൽ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആവശ്യക്കാർക്ക് ഒരു കിലോ രണ്ട് കിലോ വീതം പാക്കറ്റുകളാക്കി എത്തിച്ച് നൽകുന്നതായിരുന്നു രീതി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം ഈ പ്രദേശം നിരീക്ഷിച്ച് വരികയായിരുന്നു.വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ ശ്രീരാഗ് കഞ്ചാവെടുത്ത് പുറത്തിറങ്ങുമ്പോഴാണ്, പൊലീസ് സംഘം വീട് വളഞ്ഞ് പ്രതിയെ പിടികൂടിയത്.സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു.കഴക്കൂട്ടം പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.