കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് വീട്ടമ്മയുടെ 20 പവൻ കവർന്നു
പോത്തൻകോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ ബാഗിൽ സൂക്ഷിച്ച 20 പവൻ സ്വർണം കവർന്നതായി പരാതി. പോത്തൻകോട് വാവറഅമ്പലം എസ്.എസ്.മൻസിൽ ഷമീന ബീവിയുടെ സ്വർണമാണ് മോഷണം പോയത്. നെടുമങ്ങാട് പനവൂർ ആറ്റിൻപുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയാണ് സ്വർണം നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. ബസിൽ പോത്തൻകോട് ബസ്‌സ്റ്റാൻഡിലിറങ്ങി പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കവേയാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. ആറ് വള, ഒരു നെക്ലേസ്, രണ്ട് ജോഡി കമ്മൽ, 5 മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഷമീനബീവി പറഞ്ഞു. ഹാൻഡ് ബാഗിനുള്ളിൽ ചെറിയ പേഴ്സിനകത്ത് ചെറിയ പ്ലാസ്റ്റിക് ബോക്സിനുള്ളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ബാഗിന്റെയും ചെറിയ പേഴ്സിന്റെയും സിബ് തുറന്നാണ് സ്വർണം കവർന്നത്. എന്നാൽ എവിടെ വച്ചാണ് സ്വർണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്,പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.പോത്തൻകോട് പൊലീസ് ഷമീന ബീവിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണക്കാലമായതിനാൽ കെ.എസ് ആർ.ടി.സി ബസുകളിൽ തിരക്കാണെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സിസി.ടിവി ഉൾപ്പെടെ പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.