ഓപ്പറേഷൻ സിന്ദൂറിൽ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനു നേരെ 50ൽ താഴെ ആയുധങ്ങൾ മാത്രമേ വ്യോമസേന പ്രയോഗിച്ചിട്ടുള്ളൂവെന്ന് വ്യോമസേന ഉപമേധാവി എയർ മാർഷൽ നർമേദേശ്വർ തിവാരി. ഡൽഹിയിൽ നടന്ന പ്രതിരോധ ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തിരിച്ചടിക്കായി തിരഞ്ഞെടുക്കാൻ ഒട്ടേറെ ലക്ഷ്യകേന്ദ്രങ്ങളുണ്ടായിരുന്നെങ്കിലും ഒടുവിൽ 9 എണ്ണമാക്കി ചുരുക്കുകയായിരുന്നു. 50ൽ താഴെ ആയുധങ്ങൾ പ്രയോഗിച്ച് സംഘർഷം അവസാനിപ്പിക്കാൻ സാധിച്ചു എന്നതാണ് പ്രധാനം. യുദ്ധം തുടങ്ങാൻ എളുപ്പമാണ്. അവസാനിപ്പിക്കാൻ പ്രയാസവും. അക്കാര്യം മനസ്സിൽ വച്ചുകൊണ്ടാണ് സൈന്യത്തെ വിന്യസിച്ചത്. എന്തും നേരിടാൻ സൈന്യം തയ്യാറായിരുന്നു- അദ്ദേഹം പറഞ്ഞു.
ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റമാണ് (ഐ.എ.സി.സി.എസ്) ഇന്ത്യൻ പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും നട്ടെല്ലായി പ്രവർത്തിച്ചതെന്നും തിവാരി വെളിപ്പെടുത്തി. ശക്തമായ പ്രത്യാക്രമണം പാകിസ്ഥാനെ സംഘർഷം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കി.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഉന്നത കേന്ദ്രങ്ങളിൽ നിന്ന് മൂന്ന് നിർദ്ദേശങ്ങളാണ് ലഭിച്ചത്. തിരിച്ചടി പ്രകടമായിരിക്കണം, ഭാവിയിലെ ആക്രമണങ്ങൾ തടയാനുള്ള സന്ദേശമായിരിക്കണം, യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകണം. ഏത് തരത്തിലുള്ള തിരിച്ചടിയും നൽകാൻ സ്വാതന്ത്ര്യം ലഭിച്ചത് കാര്യങ്ങൾ എളുപ്പമാക്കിയെന്നും അദ്ദേഹം പറഞ്ഞു.