മോഹൻ ഭാഗവതിനെ പരിഹസിച്ച് അഖിലേഷ്

Sunday 31 August 2025 12:24 AM IST

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് 40,000 വർഷമായി ഒരേ ഡി.എൻ.എയാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ പരിഹസിച്ച് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് 5000 വർഷം പഴക്കമുണ്ടെന്നാണ് തങ്ങൾ പറഞ്ഞിരുന്നതെന്നും അതിന് 40,000 വർഷഷത്തെ പഴക്കമുണ്ടെന്ന് അടുത്തിടെയാണ് മനസിലായതെന്നും അഖിലേഷ് പറഞ്ഞു. ബീഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അഖിലേഷിന്റെ പ്രതികരണം. 5,000 വർഷമായി തുടരുന്ന സാമൂഹിക അസമത്വത്തെക്കുറിച്ചാണ് നമ്മൾ പറയുന്നത്. എന്നാൽ അവർ പറയുന്നത് നിലവിലുള്ള വ്യവസ്ഥയ്ക്ക് 40,000 വർഷത്തെ പഴക്കമുണ്ടെന്നാണ്.

കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അവധിൽ (യു.പി) പരാജയപ്പെട്ടു. ഇപ്പോൾ മഗധിൽ (ബീഹാർ) തോൽക്കാനുള്ള സമയമായി- അഖിലേഷ് പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം സർക്കാർ രൂപീകരിച്ചാൽ ബീഹാർ പുരോഗതിയുടെ പാതയിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.