തകർന്നടിഞ്ഞ് കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോ പഴയ ഡിപ്പോ അനാഥമായി

Sunday 31 August 2025 1:50 AM IST

പാലോട്: കോടികൾ വിലവരുന്ന ഭൂമിയും ബസ് ഗ്യാരേജും കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയിൽ നശിക്കുന്നു. പാലോട്ട് മൂന്നേക്കറോളം ഭൂമിയും ആദ്യകാല ഓഫീസ് കെട്ടിടവും ഗ്യാരേജുമാണ് അധികൃതർ കൈയൊഴിഞ്ഞിരിക്കുന്നത്.പുതിയ ബസ് സ്റ്റാൻഡിന് കുശവൂർ ജംഗ്‌ഷനിൽ സൗകര്യം ഒരുക്കിയതോടെയാണ് പഴയ സ്റ്റാൻഡ് ഉപേക്ഷിക്കപ്പെട്ടത്.

നന്ദിയോട് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും വിവിധ കാലയളവിലായി രണ്ടു കോടിയിലേറെ രൂപ പഴയ ബസ് സ്റ്റാൻഡ് സംരക്ഷണത്തിനും നവീകരണത്തിനുമായി ചെലവഴിച്ചിട്ടുണ്ട്.വാമനപുരം നദിയുടെ വശത്തായതിനാൽ വെള്ളപ്പൊക്കത്തിൽ ഇടിയാതിരിക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് സൈഡ് വാൾ നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ ഓഫീസ് കെട്ടിടം ജീർണാവസ്ഥയിലാണ്. കതകും ജനലുമുൾപ്പെടെ തടിയുരുപ്പടികൾ മോഷ്ടിക്കപ്പെട്ട് നിലം പൊത്താമെന്ന അവസ്ഥയിലാണ് ഗ്യാരേജ്.

മുൻ പഞ്ചായത്ത് പ്രസിഡന്റ് അന്തരിച്ച നന്ദിയോട് കെ.രവീന്ദ്രനാഥിന്റെ ഭരണകാലത്താണ് ബസ് സ്റ്റാൻഡിന് ഭൂമി വാങ്ങി നൽകിയത്.കെട്ടിടങ്ങൾ നിർമ്മിച്ച് നൽകിയതും സൈഡ് വാൾ നിർമ്മിച്ചതും അദ്ദേഹമാണ്.ഡിപ്പോ ഇവിടെ നിന്ന് മാറ്റുന്നതോടെ കോടികൾ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും അന്യാധീനപ്പെടുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു.

ഡിപ്പോയുടെ ഒരു ഭാഗം ഈ പ്രദേശത്ത് നിലനിറുത്തണമെന്നാവശ്യപ്പെട്ട് നന്ദിയോട് പഞ്ചായത്ത് കോടതിയിൽ നൽകിയ പരാതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് മാറ്റുന്നത് കോടതി തടയുമെന്ന ഘട്ടത്തിൽ ഓപ്പറേറ്ററിംഗ്‌ സെന്റർ നിലനിറുത്തുമെന്ന് കെ.എസ്.ആർ.ടി.സിയുടെ അന്നത്തെ എം.ഡി അടക്കമുള്ള ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും നടന്നില്ല.

 കുഴികൾ നിറഞ്ഞ്

നിലവിലെ സ്റ്റാൻഡ്

കുണ്ടും കുഴിയും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ് നിലവിൽ പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോ. നാട്ടുകാർ വാങ്ങി നൽകിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഡിപ്പോയുടെ ഗ്രൗണ്ട് മഴക്കാലമായതോടെ ചെളിക്കുഴികളായി. ദീർഘദൂരയാത്രകൾ കഴിഞ്ഞെത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെയില്ല. ചുറ്റുമതിലുകൾ ഇല്ലാത്തതിനാൽ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമാണ്.

സൗകര്യങ്ങളില്ല, യാത്രാക്ലേശം രൂക്ഷം

അടിസ്ഥാനസൗകര്യങ്ങളോ ബസ് കഴുകുന്നതിനുള്ള സൗകര്യമോ പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലില്ല. ജനങ്ങൾക്ക് പ്രയോജനകരമായി ഓടിക്കൊണ്ടിരുന്ന നിരവധി സർവീസുകൾ വെട്ടിക്കുറച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്ക് പോലും നേരിട്ട് ഇവിടെ നിന്നും ബസ് സർവീസില്ല. രാത്രി 7ന് ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് അടക്കം സർവീസുകളില്ല. 9 മണിക്ക് തെങ്കാശിയിൽ നിന്ന് വരുന്ന ബസു മാത്രമാണ് ആശ്രയം. ആദിവാസി മേഖലകളിലടക്കം വേണ്ടത്ര സർവീസുകൾ ഇല്ലാത്തതുമൂലം യാത്രാക്ലേശം രൂക്ഷമായിട്ടുണ്ട്.

ഇനി ചെയ്യാൻ കഴിയുന്നത്

പാലോട്ടെ പഴയ കെ.എസ്.ആർ.ടി.സി കെട്ടിടവും സ്ഥലവും കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് ആകെയുള്ളത്. ഏകദേശം മൂന്നേക്കറോളം സ്ഥലമാണ് ഇവിടെയുള്ളത്. ഈ സ്ഥലം പരിശീലനത്തിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് തയ്യാറായാൽ ഉപകാരപ്രദമാകും.

അന്യാധീനപ്പെടുന്നത്

അര നൂറ്റാണ്ട് ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന 3 ഏക്കർ സ്ഥലവും കെട്ടിടങ്ങളും

ബസ് സ്റ്റാൻഡ് സംരക്ഷണത്തിന് ചെലവിട്ടത് ----2 കോടി രൂപ