ആനയ്‌ക്ക് ബിയർ, രൂക്ഷ വിമർശനം

Sunday 31 August 2025 7:01 AM IST

നെയ്റോബി : കെനിയയിലെ ഓൾ യോഗി വന്യജീവി സങ്കേതത്തിൽ കാട്ടാനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ചു നൽകിയ സ്‌പാനിഷ് സഞ്ചാരിക്കെതിരെ അന്വേഷണം. ഒരു വർഷം മുന്നേ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ പിന്നാലെയാണ് കെനിയ വൈൽഡ്‌ലൈഫ് സർവീസിന്റെ നടപടി. വിമർശനം രൂക്ഷമായതോടെ വീഡിയോ ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു.

ആഫ്രിക്കൻ ആനയുടെ മുന്നിൽ വച്ച് ഇയാൾ കാനിൽ നിന്ന് ബിയർ കുടിക്കുന്നതും ആന തുമ്പിക്കൈ ഇയാൾക്ക് നേരെ നീട്ടുന്നതും വീഡിയോയിൽ കാണാം. പിന്നാലെയാണ് തുമ്പിക്കൈയിലേക്ക് കാനിലെ ബിയർ ഒഴിച്ചുനൽകിയത്. സഞ്ചാരിയുടെ പ്രവർത്തിയും അയാൾ ആനയുടെ അടുത്തേക്ക് പോയതും അംഗീകരിക്കാൻ കഴിയില്ലെന്ന് ഓൾ യോഗി സങ്കേതം വ്യക്തമാക്കി.

ഇയാൾ ആനകൾക്ക് കാരറ്റുകളും ജിറാഫിന് കാപ്പിയും നൽകുന്നതിന്റെ വീഡിയോകളും വൈറലായി. മനുഷ്യരുടെ ഭക്ഷണങ്ങൾ മൃഗങ്ങൾക്ക് നൽകരുതെന്നും അവ കിട്ടാതെ വന്നാൽ മൃഗങ്ങൾ അക്രമാസക്തരാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.