ജന്മദിനത്തിന് ലഭിച്ച സമ്മാനങ്ങളെച്ചൊല്ലി തർക്കം, ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്
ന്യൂഡൽഹി: ജന്മദിന സമ്മാനങ്ങളുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്. ഡൽഹി രോഹിണിയിൽ ഇന്നലെയാണ് സംഭവം. മകന്റെ ജന്മദിനത്തിന് ഇരുകുടുംബങ്ങളും നൽകിയ സമ്മാനങ്ങളുടെ പേരിലായിരുന്നു തർക്കം. സംഭവത്തിൽ യോഗേഷ് സേഗാൾ എന്ന യുവാവ് അറസ്റ്റിലായി.
കുസും സിൻഹ (63), മകൾ പ്രിയ സേഗാൾ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രിയയുടെ സഹോദരൻ മേഘ് സിൻഹ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊച്ചുമകൻ ചിരാഗിന്റെ ജന്മദിനം ആഘോഷിക്കാനായി ഓഗസ്റ്റ് 28നാണ് കുസും പ്രിയയുടെ വീട്ടിലെത്തിയത്. ആഘോഷ പരിപാടികൾ നടക്കുന്നതിനിടെ സമ്മാനങ്ങളെച്ചൊല്ലി യോഗേഷും പ്രിയയുമായി തർക്കമുണ്ടായി. തർക്കം പരിഹരിക്കുന്നതിനായി കുസും പ്രിയയുടെ വീട്ടിൽ തുടരുകയായിരുന്നു.
ഇന്നലെ മേഘ് മാതാവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ പ്രിയയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ചിരിക്കുന്നതായി കണ്ടു. വാതിൽക്കൽ രക്തക്കറയുമുണ്ടായിരുന്നു. തുടർന്ന് മേഘ് ബന്ധുക്കളെ വിവരമറിയിക്കുകയും വാതിൽ തകർത്ത് അകത്ത് കടക്കുകയുമായിരുന്നു. മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ മാതാവിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ കണ്ടതിന് പിന്നാലെയാണ് മേഘ് പൊലീസിനെ വിവരമറിയിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയതിനുശേഷം യോഗേഷ് മക്കളുമായി നാടുവിടുകയായിരുന്നുവെന്ന് മേഘ് ആരോപിക്കുന്നു. യോഗേഷ് നിലവിൽ തൊഴിൽരഹിതനാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
പൊലീസ് അന്വേഷണത്തിനിടെയാണ് യോഗേഷ് അറസ്റ്റിലായത്. കൊല നടന്ന സ്ഥലത്തുനിന്ന് യോഗേഷിന്റെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും കൊലയ്ക്കുപയോഗിച്ച കത്രികയും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.