പുതിയ നീക്കവുമായി ട്രംപ്, ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾ നിർത്തണമെന്ന് യൂറോപ്യൻ യൂണിയനിൽ സമ്മർദ്ദം

Sunday 31 August 2025 11:14 AM IST

വാഷിം‌ഗ്ടൺ: ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനിലും സമ്മർദ്ദം ശക്തമാക്കി യുഎസ് പ്രസി‌ഡന്റ് ഡൊണാൾ‌ഡ് ട്രംപ്. ഇന്ത്യയിൽ നിന്നും എണ്ണയും വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് പൂർണമായും നിർത്തലാക്കണമെന്നാണ് അമേരിക്ക യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്ൻ റഷ്യ സംഘർഷത്തിൽ അവർക്ക് സഹായമാകുമെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഇതിനൊപ്പം ചൈനയുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ തീരുവ ഉയർത്തിയത്. എന്നാൽ, ചൈനയും യൂറോപ്യൻ രാജ്യങ്ങളും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ യുഎസ് നിലപാടിന്റെ കാപട്യം ചൂണ്ടിക്കാട്ടി ഇന്ത്യ യുഎസിന് വഴങ്ങിയില്ല. അതേസമയം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50ശതമാനം തീരുവ ചുമത്തിയതിന് അമേരിക്കയെ ഇന്ത്യ ശക്തമായി വിമർശിക്കുയും ചെയ്തു.

ഇതുവരെ, മിക്ക യൂറോപ്യൻ രാജ്യങ്ങളും ട്രംപിന്റെ താരിഫ് നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ മൗനം യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. ടിയാൻജിനിൽ ഇന്നും നാളെയും നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) ഉച്ചകോടിയിൽ യുഎസിൽ നിന്നുള്ള സമ്മർദ്ദം പ്രധാന ചർച്ചാ വിഷയമാകും.

യുഎസിന്റെ താരിഫ് നീക്കത്തെയും അതിൽ നിന്നും ഉണ്ടാകാൻ ഇടയുള്ള പ്രത്യാഘാതങ്ങളെയും കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ കൂടിക്കാഴ്ച നടത്തി ചർച്ച ചെയ്യുക. ഇങ്ങനെയൊരു സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യക്കെതിരെ തിരിയണമെന്ന് യൂറോപ്യൻ യൂണിയനോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.