എഐ പറഞ്ഞത് തെറ്റിദ്ധരിച്ചു, അമ്മയെ കൊന്ന ശേഷം 55കാരൻ ജീവനൊടുക്കി

Sunday 31 August 2025 1:25 PM IST

കണക്ട്ടികെട്: എഐ ചാറ്റ് ബോട്ടുമായി സംസാരിച്ചതിന് പിന്നാലെ മുൻ യാഹു മാനേജർ അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. യുഎസിലെ കണക്ട്ടിക്കെടിലാണ് സംഭവം. ഓഗസ്റ്റ് അഞ്ചിനാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 55കാരനായ സ്റ്റെയിൻ-എറിക് സോയൽബെർഗാണ് ചാറ്റ് ജിപിടിയുടെ നിർ‌ദ്ദേശം അനുസരിച്ച് അമ്മ സൂസൻ ആഡംസിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. തന്റെ പ്രവൃത്തികൾ അമ്മ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിഷം നൽകാൻ ശ്രമിച്ചേക്കാമെന്നും ചാറ്റ്ബോട്ട് ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൃത്യത്തിലേക്ക് നയിച്ചത്. മാനസിക വെല്ലുവിളി നേരിടുന്നയാളായിരുന്നു സോയൽബെർഗ്.

കഴുത്ത് ഞെരിച്ച ശേഷം തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്ക് കാരണമാണ് ആഡംസ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. അമ്മയെ കൊന്നതിന് പിന്നാലെ കഴുത്തിലും നെഞ്ചിലും സ്വയം കുത്തി പരിക്കേൽപ്പിച്ചാണ് സോയൽബർഗ് ജീവനൊടുക്കിയത്. ഓപ്പൺഎഐ വഴി വികസിപ്പിച്ച ചാറ്റ്ബോട്ടാണ് സോയൽബർഗിനെ വധശ്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.മാസങ്ങൾക്ക് മുമ്പായിരുന്നു,'ബോബി' എന്ന് വിളിപ്പേരുള്ള ചാറ്റ്ബോട്ടുമായി സോയൽബർഗ് സംസാരിച്ചു തുടങ്ങുന്നത്. ഇയാൾ ചാറ്റ്ജിപിടിയുമായി നടത്തിയ സംഭാഷണങ്ങൾ കാണിക്കുന്ന ദൃശ്യങ്ങളും മറ്റും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചാറ്റ്ജിപിടിയുടെ പ്രതികരണങ്ങൾ സോയൽബർഗിന്റെ മനോവിഭ്രാന്തിക്ക് ആക്കം കൂട്ടുകയും, ചൈനീസ് ഭക്ഷണ രസീതുകൾ അടക്കമുള്ള കാര്യങ്ങളിൽ മറഞ്ഞിരിക്കുന്ന ചിഹ്നങ്ങൾ തിരയുന്നതിലേക്ക് ഇയാളെ നയിക്കുകയുമായിരുന്നു. പിന്നീട് അമ്മ സൂസനെ ഒരു അമാനുഷിക ശക്തിയായി പ്രതിനിധികരിക്കുന്നതാണെന്ന് ചാറ്റ്ബോട്ട് ഇയാളെ വിശ്വസിപ്പിച്ചു. മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന ചാറ്റ്ബോട്ടുകൾ ഉപയോക്താക്കൾക്കിടയിൽ വലിയ തോതിൽ ആത്മഹത്യകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും എഐ ചാറ്റ്ബോട്ടുമായി നിരന്തരം ഇടപഴകിയിരുന്ന ഒരു പ്രശ്നക്കാരനായ വ്യക്തി ഉൾപ്പെട്ട ആദ്യത്തെ സംഭവമാണിതെന്ന് പൊലീസ് പറയുന്നു.