ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; കുടുങ്ങിക്കിടക്കുന്ന സഞ്ചാരികളിൽ 18 മലയാളികളും, അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യം

Sunday 31 August 2025 3:43 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽപ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ 18 മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കൽപ്പയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർ സ്പിറ്റിയിൽ നിന്ന് കൽപ്പയിലേക്കെത്തിയതായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡ് മുഖേന യാത്ര സാദ്ധ്യമല്ല. സംഘത്തിലുള്ളവരിൽ ചിലർക്ക് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടെന്നാണ് വിവരം.

18 മലയാളികളിൽ മൂന്ന് പേർ കൊച്ചി സ്വദേശികളാണ്. ഓഗസ്റ്റ് 25നാണ് ഇവർ ഡൽഹിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ അറിയിച്ചു.

മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലുമാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം ഹിമാചൽ പ്രദേശിൽ വലിയ പ്രതിസന്ധിയാണ്.

അതേസമയം, ചെന്നൈയിലും മേഘവിസ്ഫാടനം ഉണ്ടായി. ഇന്നലെ രാത്രിയിലും ചെന്നൈ ന​ഗരത്തിൽ കനത്ത മഴയുണ്ടായി. ചെന്നൈ വിമാനത്താവളത്തിലേക്കുള്ള ചില വിമാനങ്ങൾ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി പത്ത് മുതൽ 12 വരെ ചെന്നൈയിൽ ശക്തമായ മഴയായിരുന്നു. വടക്കൻ ചെന്നൈയിൽ അതിശക്തമായ മഴയാണുണ്ടായത്.

മണാലി, ന്യൂ മണാലി ടൗൺ, വിംകോ നഗർ എന്നിവിടങ്ങളിൽ യഥാക്രമം 27 സെന്റീമീറ്റർ, 26 സെന്റീമീറ്റർ, 23 സെന്റീമീറ്റർ എന്നിങ്ങനെ അതിശക്തമായ മഴ രേഖപ്പെടുത്തി. മണാലിയിൽ (ഡിവിഷൻ 19) ശനിയാഴ്ച രാത്രി 11 വരെ 106.2 മില്ലിമീറ്റർ മഴയും രാത്രി 11 മുതൽ 12 വരെ 126.6 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയതായി പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.