വാറ്റിൽ മുങ്ങി മലയോരം, വ്യാപക പരിശോധന.... ഓണം കിക്കാക്കാൻ വ്യാജൻ വിലസുന്നു
മുണ്ടക്കയം : മലയോര മേഖലയിൽ ഓണം ലക്ഷ്യമാക്കി ചാരായവാറ്റ് കേന്ദ്രങ്ങളും, വ്യാജ മദ്യ നിർമാണവും പെരുകിയതോടെ എക്സൈസ് പരിശോധന ഊർജ്ജിതമാക്കി. കോരുത്തോട്, പെരുവന്താനം, കൂട്ടിക്കൽ, മുണ്ടക്കയം അടക്കമുള്ള പഞ്ചായത്തുകളിലാണ് വ്യാജമദ്യ നിർമാണം കൂടുതൽ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൂട്ടിക്കൽ, പെരുവന്താനം പഞ്ചായത്തുകളിൽ നിന്ന് കോടയാണ് പിടികൂടി നശിപ്പിച്ചതെങ്കിൽ, കോരുത്തോട്ടിൽ നിന്ന് കണ്ടെത്തിയത് കുപ്പികളിൽ നിറച്ച വ്യാജ മദ്യമാണ്. വർഷങ്ങൾക്കു മുമ്പ് എരുമേലി എലിവാലിക്കരയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയിരുന്നു. പ്രമുഖ ബ്രാൻഡിലുള്ള മദ്യം വലിയ തോതിലാണ് അന്ന് ഇവിടെ ഉത്പാദിപ്പിച്ചു വിറ്റഴിച്ചിരുന്നത്. ഇതിനു സമാനമായ വലിയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയമാണ് ബലപ്പെടുന്നത്. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം തമ്പടിക്കുന്നത്. പെരുവന്താനം പഞ്ചായത്തിലെ ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിൽ ഏക്കറുകണക്കിന് സ്ഥലമാണ് കാടുപിടിച്ചു കിടക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെ നടത്തിയ പരിശോധനയിൽ കോട പിടികൂടി.
വീടിനുള്ളിലും വാറ്റുപുര
വീടിനുള്ളിലും പുരയിടങ്ങളിലും വാറ്റ് നടത്തുന്ന സംഘവുമുണ്ട്. മുൻ കാലങ്ങളിൽ 100 മുതൽ 200 രൂപ വരെയായിരുന്നു ഒരു ലിറ്റർ വാറ്റിനെങ്കിൽ ഇപ്പോൾ 1500 മുതൽ 2000 രൂപ വരെ കൊടുക്കണം. ഇടക്കാലത്ത് പൊലീസ് , എക്‌സൈസ് പരിശോധനയിൽ അയവുവന്നതോടെ വാറ്റു സംഘങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലുമാണ് രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിലേയ്ക്ക് മദ്യം കടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി അടക്കമുള്ള മേഖലയിൽ വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ സജീവമാകുന്നതായി സൂചനയുണ്ട്. ഈ മേഖലയിൽ നിന്ന് നിരവധി കുടുബങ്ങൾ മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റിയിരുന്നു.
ഇടനിലക്കർ മുഖേന വില്പന
പൊലീസും എക്‌സൈസും കടന്നു ചെല്ലാൻ കഴിയാത്ത മേഖലകളിൽ മദ്യം നിർമ്മിച്ച് ഇടനിലക്കാർ മുഖേനയാണ് വില്പന.
വന്യമൃഗങ്ങളുടെ ശല്യം വ്യാപകമായതോടെ ആളുകൾ ഇവിടേക്ക് എത്തില്ല എന്നതും ഇത്തരക്കാർക്ക് ഗുണകരമാണ്
കാടുപിടിച്ച് കിടക്കുന്ന എസ്റ്റേറ്റ് മേഖലകളും, തകർന്നു കിടക്കുന്ന റോഡുകളും എല്ലാം ഇവർക്ക് മറയാണ്
വലിയ ജാറുകളിൽ കോട കലക്കി കാടുകൾക്കു ഇടയിൽ സൂക്ഷിക്കും. പരിശോധനയിൽ ഇവയേ കണ്ടു കിട്ടുകയുള്ളൂ
''വിജനമായ സ്ഥലങ്ങൾ സാമൂഹ്യ വിരുദ്ധർ കൈയേറുകയാണ്. തീർത്തും സാധാരണക്കാർ താമസിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് വ്യാജമദ്യസംഘം പിടിമുറുക്കുന്നത് ആശങ്കയുണർത്തുന്നു. കർശന പരിശോധന നടത്തണം. വൻദുരന്തത്തിൽ നിന്ന് ആളുകളെ രക്ഷിക്കണം.
-പെരുവന്താനം നിവാസികൾ
ഒരാഴ്ച : 3 കേസുകൾ