പിന്നാക്ക വികസന ഫണ്ട് വിനിയോഗം.... കടുത്ത അലംഭാവം, പാഴായത് കോടികൾ

Monday 01 September 2025 12:41 AM IST

കോട്ടയം : പ്ളാൻ ഫണ്ടിൽ കോടികളുണ്ടായിട്ടും പട്ടികജാതി,​ വ‌ർഗ വികസനത്തിനായി തുക ചെലവഴിക്കുന്നതിൽ വൻ അലംഭാവം. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലഭിച്ച തുകയുടെ പാതിപോലും ചെലവഴിച്ചിട്ടില്ല. ചെലവഴിക്കാത്ത തുകയുടെ നിശ്ചിതശതമാനം സ്പിൽ ഓവറായി അടുത്ത വർഷം നൽകുമെങ്കിലും ബാക്കി തുക മുഴുവൻ പാഴാകുന്നു. പട്ടിക ജാതി,​ വർഗ മേഖലയിൽ ഇപ്പോഴും വികസനമെത്താത്തപ്പോഴാണ് കൈയിലുള്ള തുക ചെലവഴിക്കാതെ ഉദ്യോഗസ്ഥരുടെ അനാസ്ഥ.

ഭൂരഹിത പുനരധിവാസ പദ്ധതി,​ മിശ്ര വിവാഹ ധനസഹായം,​ ചികിത്സാ സഹായം ഉൾപ്പെടെ വിവിധ മേഖലകളിലാണ് സാധാരണ പദ്ധതി ചെലവഴിക്കാൻ കഴിയുക. എന്നാൽ വിവാഹ,​ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ആയിരത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് കിട്ടിയ പണം പോലും ചെലവഴിക്കാതിരിക്കുന്നത്.

പ്രത്യേക പദ്ധതികളും വിഭാവനം ചെയ്യാതെ

പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്ത് വികസനം സാദ്ധ്യമാക്കുകയും ചെയ്യാമെങ്കിലും ഇതിനൊന്നും ഉദ്യോഗസ്ഥർ താത്പര്യം കാട്ടുന്നില്ല. എസ്.ടി ഫണ്ട് ചെലവഴിക്കുന്നതിലാണ് കൂടുതൽ അനാസ്ഥ. വെറും മൂന്ന് ശതമാനം തുക ചെലവഴിച്ച വർഷവുമുണ്ടായിട്ടുണ്ട്. പട്ടിക വർഗ ഫണ്ട് 2022 - 23ൽ മാത്രമാണ് നൂറു ശതമാനവും നിയോഗിച്ചത്. ഓരോ വിഭാഗത്തിലുമായി ശരാശരി പത്ത് കോടിക്ക് മുകളിൽ ഒരു വർഷം ലഭിക്കും. ചെലവഴിക്കുന്നതാകട്ടെ പകുതിക്കും താഴെ.

ചെലവഴിച്ച പട്ടിക ജാതി ഫണ്ട്

2015-16: 63.6%

2016-17: 57.1 %

2017-18: 43.4%

2018-19: 33.8

2019-20: 19.4%

2020-21: 47%

2021-2022 : 89.05%

2022-23: 63.2%

2023:24: 49.9%

2024:25: 46.7%

ചെലവഴിച്ച പട്ടിക വർഗ ഫണ്ട്

2015 -16: 80.3

2016-17: 31.3

2017-18: 3.4

2018-19: 24.8

2019-20: 59.3

2020-21: 29.7

2021-2022:76.4

2022-23: 100

2023:24:50.8

2024:25: 54.4

'' പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് ഫണ്ട് വനിയോഗിക്കുന്നതിലെ അലംഭാവത്തിന് കാരണം. അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും അർഹർക്ക് കൊടുക്കാതെ പണം പാഴാക്കുന്നത് പ്രതിഷേധാർഹമാണ്.

ബിജു വഴിപ്പറമ്പിൽ, വിവരാവകാശ പ്രവർത്തകൻ