വർക്കലയിൽ ഗതാഗത ക്രമീകരണം
വർക്കല: ഓണക്കാല തിരക്ക് പരിഗണിച്ച് വർക്കലയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ ചെയർമാൻ കെ.എം. ലാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പൊലീസുകാരെ നിയോഗിക്കും. കൃഷി ഭവന് സമീപവും അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിന് സമീപവുമുള്ള സ്ഥലത്തും വാഹനങ്ങൾ പാർക്ക് ചെയ്യണം. നഗരമദ്ധ്യത്തിലെ അനധികൃത ഓട്ടോ സ്റ്റാൻഡ് ഒഴിവാക്കും. ലൈസൻസില്ലാത്ത ഓട്ടോ ഡ്രൈവർമാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ബസുകൾ റോഡിന്റെ മദ്ധ്യഭാഗത്ത് നിറുത്തി ആളെ കയറ്റുന്നത് ഒഴിവാക്കണമെന്നും ആവശ്യമുണ്ടായി. റെയിൽവേ സ്‌റ്റേഷൻ മുതൽ വർക്കല ടൗൺവരെ ഒരു സ്‌റ്റോപ്പാണുള്ളതെങ്കിലും മൂന്നിടത്ത് ബസുകൾ നിറുത്തി ആളെ കയറ്റുന്നത് യാത്രാതടസ്സമാകുന്നു. ബസ് സ്റ്റോപ്പുകൾക്ക് സമീപം ഓട്ടോകൾ കൊണ്ടിടുന്നത് തടയണമെന്നും ആവശ്യമുണ്ട്. ഓണക്കാലത്ത് ഫുട്പാത്ത് കച്ചവടം ഒഴിവാക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. രാവിലെയും വൈകിട്ടും കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന് വർക്കല ഡിവൈ.എസ്.പി ബി.ഗോപകുമാർ അറിയിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പരിസരത്തെ തിരക്ക് ഒഴിവാക്കാൻ പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. നഗരസഭാ കൗൺസിലർമാർ,വ്യാപാരി വ്യവസായി നേതാക്കൾ,റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ,മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.