ഓണത്തെ വരവേറ്റ് മഞ്ഞപ്പുടവകൾ            

Monday 01 September 2025 1:35 AM IST

വിഴിഞ്ഞം: ഓണത്തെ വരവേൽക്കാനൊരുങ്ങി മഞ്ഞക്കോടി വിപണി. മഞ്ഞ മുണ്ടെന്നും മഞ്ഞക്കോടിയെന്നും മഞ്ഞക്കുറിയെന്നും മഞ്ഞപ്പുടവയെന്നും മഞ്ഞ കച്ചയെന്നുമൊക്കെ അറിയപ്പെടുന്ന ഈ ഓണക്കോടിയെ കൈത്തറിയുടെ പൊന്നാടയെന്നു കൂടി പറയാം.

തിരുവോണ ദിനങ്ങളിൽ തെളിക്കുന്ന നിറദീപങ്ങൾക്കൊപ്പം മഞ്ഞക്കോടി വയ്ക്കുക കുഞ്ഞുങ്ങളെ മഞ്ഞക്കോടിയുടുപ്പിക്കുക വാഹനങ്ങളിൽ മഞ്ഞക്കോടി ചാർത്തുക,​ വേർപിരിഞ്ഞു പോയവരുടെ ചിത്രങ്ങളിൽ ചാർത്തുക തുടങ്ങി കച്ചവട സ്ഥാപനങ്ങളിൽ തൊഴിലിടങ്ങളിൽ എല്ലായിടത്തും നിലവിളക്കിനോടൊപ്പം മഞ്ഞക്കോടി ചാർത്തുക പതിവാണ്. ഓണക്കോടിയെടുക്കാൻ പോകുമ്പോൾ കൈത്തറിയുടെ പൊന്നാടയായ മഞ്ഞക്കോടിയും ആളുകൾ വാങ്ങും.

മഞ്ഞക്കോടി ഉണ്ടാക്കുന്നത്

മഞ്ഞക്കോടി നെയ്യുന്നതിന് ഊടും പാവും ഉണ്ടാക്കിയെടുക്കുന്നതിനും വേണം ഇത്തിരി പരിശ്രമം. മഞ്ഞൾ വാങ്ങി പൊടിച്ച് കലക്കി വെള്ള നൂലിൽ നിറം പിടിപ്പിക്കും. ഈ നൂലിനെ അരടിൽ ചുറ്റി താരാക്കും.

താരിനെ റാട്ടിൽ ചുറ്റി പാവാക്കും. ഈ പാവിനെ പാക്കളത്തിൽ നിവർത്തി കെട്ടി അരിപശയും അൽപ്പം എണ്ണയും ചേർത്ത് തണലിൽ ഉണക്കിയെടുക്കും. ഈ പാവിനെ ബീമിൽ ചുറ്റിയ ശേഷം ബീമിൽ നിന്നും റോളറിൽ ചുറ്റിയെടുത്താണ് നെയ്യാനുപയോഗിക്കുന്നത്. പാവിലേയ്ക്ക് ഉപയോഗിക്കുന്ന നൂല് ഊടയായും ചേർത്ത് നെയ്‌താണ് മഞ്ഞക്കോടിയുണ്ടാക്കുന്നത്.

നെയ്യാതിരിക്കാനാവില്ല

ഒരു ദിവസം നെയ്‌താൽ 2 കച്ച (8 മഞ്ഞക്കോടി) നെയ്യാം. കിട്ടുന്ന കൂലിയോ 200 രൂപയും. കർക്കടകമാകുമ്പോൾ മഞ്ഞക്കോടി നെയ്യാതിരിക്കാനാവില്ലെന്നാണ് കോഴോട് മണ്ണക്കല്ല് മേലെ പുത്തൻവീട്ടിൽ കോമളം(60)​ പറയുന്നത്. എന്നാൽ 40 വർഷമായി വർഷം മുഴുവനും മഞ്ഞക്കോടി മാത്രം നെയ്‌ത്‌ സൂക്ഷിച്ച് ഓണക്കച്ചവടത്തിന് കൊടുക്കുന്ന കോഴോട് മണ്ണാംകുളം വീട്ടിലെ 70കാരനായ ജയചന്ദ്രൻ പറയുന്നത് 'മുഷിഞ്ഞ് നെയ്‌താൽ 3കച്ച നെയ്യാം' എന്നാണ്.

പ്രതിസന്ധിയിൽ

തമിഴ്‌നാട്ടിലെ പവർലൂമിൽ നെയ്ത‌് ഇവിടെയെത്തുന്ന മഞ്ഞക്കോടിക്ക് വിലക്കുറവ് കാരണം ബാലരാമപുരത്തെ തറികളിൽ നെയ്തെടുക്കുന്ന മഞ്ഞക്കോടിക്കും നെയ്‌തുകാർക്കും പ്രതിസന്ധിയാകുന്നുണ്ട്.