ജയസൂര്യയുടെ കത്തനാർ വരവായി; ഫസ്റ്റ് ലുക്ക്
ഇന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന ജയസൂര്യ നായകനാകുന്ന 'കത്തനാർ" എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയുടെ ശക്തമായ പകർന്നാട്ടം കാണാനാകും. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് കത്തനാർ ഒരുങ്ങുന്നത്. അനുഷ്ക ഷെട്ടി, പ്രഭുദേവ, സാന്റി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ എന്നിവരാണ് പ്രധാന താരങ്ങൾ. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്ന് എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെയും വലിയ സിനിമയാണ്. ദേശീയ അവാർഡ് നേടിയ 'ഹോം" എന്ന ചിത്രത്തിനുശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. രചന: ആർ. രാമാനന്ദ്, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കോ - പ്രൊഡ്യൂസേഴ്സ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. പി.ആർ. ഒ ശബരി, വാഴൂർജോസ്.