പാലായിലെ പാടം നികത്തൽ, തീരുമാനം പുന:പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ

Monday 01 September 2025 12:06 AM IST
പാടം നികത്തൽ സംബന്ധിച്ച് കേരളാ കൗമുദി മുമ്പ് പ്രസിദ്ധീകരിച്ച വാർത്തകൾ.

പാലാ : മുനിസിപ്പൽ പ്രദേശത്തെ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലംനികത്തി പുരിയിടമാക്കുന്നതിന് പാലാ ആർ.ഡി.ഒ 2023 മുതൽ നൽകിയ ഉത്തരവുകൾ പുന:പരിശോധിക്കുന്നതിന് കളക്ടറുടെ ഉത്തരവ്. സി.പി.ഐ കരൂർ ലോക്കൽ സെക്രട്ടറി കെ.ബി. സന്തോഷ് മന്ത്രി പി.പ്രസാദിന് നൽകിയ പരാതിയിലാണ് നടപടി. ഇതുസംബന്ധിച്ച് ''കേരള കൗമുദി'' പലതവണ വാർത്ത നൽകിയിരുന്നു. ഇതിന്റെ കോപ്പി സഹിതമാണ് സന്തോഷ് പരാതി നൽകിയത്. കാർഷിക കർഷക ക്ഷേമ വകുപ്പ് സ്‌പെഷ്യൽ വിജിലൻസ് സെൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ 2023 മുതൽ പാലാ കൃഷി ഭവനിൽ നിന്ന് നിലം തരം മാറ്റാൻ നൽകിയിട്ടുള്ള എല്ലാ അനുമതികളും പുന:പരിശോധിക്കണമെന്നും , അനധികൃതമായി നികത്തപ്പെട്ട നിലങ്ങൾ പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യണമെന്നും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി. തുടർന്നാണ് കളക്ടർ ഇടപെട്ടത്. നിലം നികത്തലുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പാലിക്കാതെ അനുമതി നൽകിയ കൃഷി ഓഫീസറെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

''മുണ്ടുപാലം, മാർക്കറ്റിന് സമീപം, അരുണാപുരം എന്നിവിടങ്ങളിലായി വ്യാപക വയൽ നികത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും ഇതിന്റെ പേരിൽ ഒരുപാട് ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നു.

കെ.ബി.സന്തോഷ്, പരാതിക്കാരൻ