കുമരകത്തെ വള്ളംകളി പാരമ്പര്യത്തിന് ഇനിയും നാണക്കേടുണ്ടാക്കരുത് !
കോട്ടയത്ത് നിന്ന് നാലു ചുണ്ടൻ വള്ളങ്ങൾ നെഹ്‌റു ട്രോഫിക്കായി പുന്നമട കായലിൽ എത്തിയെങ്കിലും ഫൈനലിൽ എത്താൻ ഒരു ടീമിനും കഴിഞ്ഞില്ലെന്നത് നാണക്കേടായി. ഒരു മാസത്തിലേറെ തീവ്ര പരിശീലനം നടത്തിയ കുമരകം ടൗൺബോട്ട് ക്ലബിന്റെ പതനമാണ് ഏറെ ചർച്ചയായത്. സാമ്പത്തിക പരാധീനത കാരണം കൂടുതൽ പരിശീലനം നടത്താനായില്ലെന്നായിരുന്നു കപ്പടിക്കാതിരുന്നപ്പോഴുള്ള പരാതി. ഈ വർഷം ആദ്യമേ സ്പോൺസറെ കിട്ടി ഒരു മാസ പരിശീലനത്തിന് ഓരു കോടിയോളം ചെലവഴിച്ചു. മികച്ച വള്ളവും കിട്ടി പ്രൊഫഷണൽ കോച്ചുമായി എന്നിട്ടും ഹീറ്റ്സിൽ മികച്ച വേഗം കണ്ടെത്താനാകാതിരുന്നത് എന്തേ എന്നാണ് വള്ളംകളിപ്രമികളുടെ ചോദ്യം. അഞ്ചാം ഹീറ്റ്സായതിനാൽ മറ്റ് ചുണ്ടനുകൾ എടുത്ത മികച്ച സമയം നേരത്തേ മനസിലാക്കാനായിട്ടും അതുമറികടക്കാൻ ആദ്യാവസാന കുതിപ്പിന് പകരം പതിഞ്ഞ താളത്തിലുള്ള തുഴച്ചിൽ കണ്ട് പലരും തലയിൽ കൈവച്ചു. ശക്തരായ എതിരാളികൾ ഹീറ്റ്സിൽ ഒപ്പം തുഴയാൻ ഇല്ലാതിരുന്നെന്നോ, സ്റ്റാർട്ടിംഗ് ട്രബിൾ, വള്ളം വെട്ടിതുടങ്ങിയ ന്യായീകരണം നടത്തിയാൽ വിവരമറിയുമെന്നാണ് കുമരകം ടീം ഈ വർഷം കപ്പടിക്കുമെന്ന് പ്രതീക്ഷിച്ച ഒരു വള്ളംകളി പ്രേമി രോഷത്തോടെ പ്രതികരിച്ചത്.
കുമരകത്ത് നിന്നുള്ള ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ നടുവിലേപ്പറമ്പൻ ചുണ്ടൻ നിർഭാഗ്യത്താൽ കായലിൽ കുടുങ്ങിയതോടെ മാസ് ഡ്രിൽ സമയത്ത് തുഴഞ്ഞ് അവശരായാണ് ടീംഅംഗങ്ങൾ എത്തിയത്. ഭക്ഷണം കഴിക്കാൻ സമയം കിട്ടാതെയായിരുന്നു വലിച്ചത്. എതിരാളികൾ ശക്തരായിരുന്നിട്ടും ഹീറ്റ്സിൽ അവർ ഒന്നാമതായി. സമയക്കണക്കിൽ ഫൈനലിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും ലൂസേഴ്സ് ഫൈനലിൽ വിജയികളായി കരുത്തു തെളിയിച്ചു.
നെഹ്‌റു ട്രോഫി ജേതാക്കളായ വീയപുരം ചുണ്ടന്റെ ഒന്നാം അമരക്കാരൻ കുമരകം സ്വദേശി രാജീവ് രാജുവായിരുന്നു. ഫൈനലിൽ എത്തിയ രണ്ടും ടീം അടക്കം ഏഴു ചുണ്ടൻ വള്ളങ്ങളുടെ അമരത്തും തുഴച്ചിൽകാരിലും ഏറെയും കുമരകംകാർ. കൂടുതൽ കൂലിക്കായി കുട്ടനാടൻ ടീമുകളിൽ പോയെന്ന് അവരെ കുറ്റപ്പെടുത്തേണ്ട. കുട്ടനാട്ടിലെ ബോട്ട് ക്ലബുകൾക്ക് പേടി സ്വപ്നമായ ചരിത്രമായിരുന്നു പലതവണ നെഹ്‌റു ട്രോഫി നേടിയ കുമരകത്തിന്റേത്. അത് നില നിറുത്തണം. കരുത്തന്മാരുടെ ഒരു ടീമിന് അടുത്ത വർഷമെങ്കിലും രൂപം നൽകണമെന്നാണ് ചുറ്റുവട്ടത്തിന് ഉപദേശിക്കാനുള്ളത്.