കീഴറ സ്‌ഫോടനം: അനധികൃത പടക്ക നിർമ്മാണം ഉത്സവ സീസണിനായി
കണ്ണൂർ: കീഴറ സ്‌ഫോടനക്കേസിൽ പ്രതി അനൂപ് മാലിക് വാണിജ്യ ലക്ഷ്യത്തോടെയാണ് സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഉത്സവകാലത്തെ ആവശ്യത്തിനായി മുൻകൂട്ടി പടക്കങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രത്യേക അന്വേഷണ സംഘം അനൂപ് മാലിക്കിനെ വിശദമായി ചോദ്യം ചെയ്തു. കർണ്ണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട്ടുവച്ച് കണ്ണപുരം പൊലീസ് പിടികൂടിയത്. സ്‌ഫോടനം നടന്ന വീട് അനൂപ് മാലിക് വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. പടക്ക നിർമ്മാണത്തിനായി അനധികൃതമായി അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വെളിപ്പെട്ടു. 2016 മാർച്ചിൽ കണ്ണൂരിലെ പൊടിക്കുണ്ട് രാജേന്ദ്രനഗറിൽ നടന്ന വൻ സ്‌ഫോടനത്തിന് പിന്നിലും അനൂപ് മാലിക് ആയിരുന്നു. അന്ന് ഏകദേശം 4 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായിരുന്നു. ആ കേസിൽ അനൂപ് മാലിക്കിനും കൂട്ടുപ്രതികളായ പെൺ സുഹൃത്ത് രാഹില അടക്കം മൂന്ന് പേർക്കെതിരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
സുരക്ഷാ ആശങ്കകൾ നിരന്തര രാഷ്ട്രീയ സംഘർഷവും ബോംബ് പ്രയോഗവും നടക്കുന്ന കണ്ണൂരിൽ അനൂപിന് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഉത്സവ പടക്കങ്ങൾ മാത്രമല്ല, മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാനും ഇദ്ദേഹം സഹായിക്കുന്നുണ്ടോ എന്ന സംശയവും ഉയരുന്നു. 2016ലെ സ്‌ഫോടനത്തിന്റെ പേരിൽ ഏകദേശം ഒരു കോടി രൂപ നഷ്ടപരിഹാരമായി സർക്കാർ ഖജനാവിൽനിന്ന് നൽകി. ഇതേ പ്രതി വീണ്ടും സമാനമായ രീതിയിൽ സ്‌ഫോടകവസ്തു നിർമ്മാണം നടത്തിയത് ആരുടെ പിന്തുണയോടെയാണെന്ന ചോദ്യവും ഉയരുന്നു. നാടിനെ നടുക്കിയ ഒരു സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ വീണ്ടും ജനവാസമേഖലയിൽ ഇത്തരം കേന്ദ്രം ആരംഭിച്ചത് ആരൊക്കെയോ കണ്ണടച്ചതിന്റെ സൂചനയാണ്.
രാഷ്ട്രീയ ആരോപണങ്ങൾ അനൂപിന് കോൺഗ്രസ് ബന്ധമുണ്ടെന്ന് 2016ൽ ഉയർന്ന ആരോപണം ഇപ്പോൾ വീണ്ടും ഉയർത്തുകയാണ് സി.പി.എമ്മും ബി.ജെ.പിയും. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കോൺഗ്രസിനെതിരെ നേരിട്ട് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2016ൽ കെ. സുധാകരനാണ് അനൂപിന് പിന്നിലെന്ന ആരോപണവും സി.പി.എം ഉയർത്തിയിരുന്നു. എന്നാൽ, സമ്പൂർണ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നാണ് കോൺഗ്രസിന്റെ വെല്ലുവിളി.