മഴയിൽ മുങ്ങി പൊൻമുടി, മരം വീണ് ഗതാഗത തടസം

Monday 01 September 2025 1:52 AM IST

വിതുര: വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി മേഖലയിൽ കനത്തമഴ. ബോണക്കാട്, പേപ്പാറ, കല്ലാർ, മീൻമുട്ടി, ചീറ്റിപ്പാറ മേഖലകളിലെ അവസ്ഥയും വ്യത്യസ്തമല്ല. മഴയാണെങ്കിലും ധാരാളം ടൂറിസ്റ്റുകൾ പൊൻമുടിയിലെത്തുന്നുണ്ട്. മഴക്കൊപ്പം ശക്തമായ മഞ്ഞ് വീഴ്ചയും അനുഭവപ്പെടുന്നുണ്ട്. ഇടക്കിടക്ക് കാറ്റും വീശുന്നുന്നുണ്ട്.

ഒരാഴ്ചമുൻപ് പ്രതികൂലകാലാവസ്ഥയെ തുടർന്ന് മണ്ണിടിച്ചിലും, ഉരുൾ പൊട്ടൽസാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണഅതോറിട്ടിയുടെ നിർദ്ദേശപ്രകാരം ഒരാഴ്ചയോളം പൊൻമുടി അടച്ചിട്ടിരുന്നു. പൊൻമുടി റോഡിലേക്ക് മണ്ണിടിച്ചിലുണ്ടാകുകയും പൊൻമുടി റൂട്ടിൽ ഗതാഗതതടസം നേരിടുകയും ചെയ്തിരുന്നു. മരങ്ങളും കടപുഴകി പൊൻമുടി റോഡിൽ പതിച്ചു. മഴ ഇനിയും ശക്തിപ്രാപിച്ചാൽ വീണ്ടും പൊൻമുടി അടച്ചിടുവാൻ സാദ്ധ്യതയുണ്ട്. ഒാണനാളുകളിൽ മഴ കനത്താൽ പൊൻമുടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറയുമെന്ന ആശങ്കയുണ്ട്.

മരം വീണ് ഗതാഗതംതടസപ്പെട്ടു

ശക്തമായമഴയും കാറ്റിനേയും തുടർന്ന് വിതുര പേപ്പാറ റൂട്ടിൽ പേപ്പാറക്ക് സമീപം അഞ്ചുമരുതുംമൂട്, പട്ടൻകുളിച്ചപാറ എന്നിവിടങ്ങളിലായി മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. വിതുരയിൽനിന്നും ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.