" ചേയാ " പുസ്തക പ്രകാശനം
പയ്യന്നൂർ: ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും ആദർശങ്ങളെ ഒരേ സമയം സ്വാംശീകരിച്ച് ആത്മാവിന്റെ വെളിച്ചമാക്കി മാറ്റുകയും അയിത്തോച്ചാടനം സ്വജീവിതത്തിന്റെ പരമപാവന ലക്ഷ്യമാക്കി ത്യാഗപൂർണ്ണമായി പ്രവർത്തിക്കുകയും ചെയ്ത ആദർശ ദീപസ്തംഭമാണ് സ്വാമി ആനന്ദതീർത്ഥനെന്ന് നിരൂപകൻ ഡോ. കെ.വി സജയ് അഭിപ്രായപ്പെട്ടു. സ്വാമി ആനന്ദതീർത്ഥരുടെ ജീവിതത്തെ ആസ്പദമാക്കി ആർ. ഉണ്ണി മാധവൻ എഴുതിയ "ചേയാ" എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എം. പ്രദീപ് കുമാർ പുസ്തകം ഏറ്റുവാങ്ങി. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിച്ചു. പി.കെ സുരേഷ് കുമാർ ഗ്രന്ഥപരിചയം നടത്തി. ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ, എസ്. ജ്യോതി, എം.കെ രമേഷ് കുമാർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.പി ദാമോദരൻ സ്വാഗതവും ട്രസ്റ്റംഗം രാമകൃഷ്ണൻ കണ്ണോം നന്ദിയും പറഞ്ഞു.