തുല്യതാബിരുദം നേടാൻ റെഡിയാണ് 613 പേർ

Monday 01 September 2025 1:07 AM IST

ആലപ്പുഴ: തുല്യതാപഠനം വഴി ഡിഗ്രിക്കാരാകാൻ സന്നദ്ധരായി 613 പേർ. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വഴി സംസ്ഥാന സാക്ഷരതാ മിഷനാണ് മുതിർന്ന പഠിതാക്കളുടെ ബിരുദ പഠനത്തിനുള്ള സാദ്ധ്യത തുറന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്താണ് സംസ്ഥാനത്ത് ആദ്യമായി സാക്ഷരതാ മിഷനുമായി ചേർന്ന് ബിരുദപഠന പരിപാടി ഏറ്റെടുത്തത്. ബിരുദ കോഴ്സിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുറവൻവെളിവീട്ടിൽ ആർ.ദിനേശൻ (72) അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിക്ക് കൈമാറി ആദ്യ പേരുകാരനായി. സാക്ഷരത മിഷന്റെ ഹയർ സെക്കൻഡറി തുല്യതാകോഴ്സ് വിജയിച്ച മുതിർന്ന പഠിതാക്കളാണ് തുല്യതാ ബിരുദത്തിന്റെ ഭാഗമാവുക. രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എം.വി.പ്രിയ അദ്ധ്യക്ഷയായി. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ.ജി.ഒലീന ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.വി.രതീഷ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ് സ്വാഗതവും അസി. കോർഡിനേറ്റർ എസ്.ലേഖ നന്ദിയും പറഞ്ഞു. തുടർച്ചയായി മൂന്ന് തവണ നെഹ്റുട്രോഫി വള്ളംകളി തീം സോംഗ് എഴുതിയ സാക്ഷരതാ മിഷൻ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം ജയൻ തോമസിനെ ആദരിച്ചു.

സംസ്ഥാനത്ത് ആദ്യം

1. ബിരുദ തലത്തിൽ തുല്യതാ കോഴ്സ് ആരംഭിക്കുന്നത് കേരളത്തിൽ ഇത് ആദ്യം.

ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ചവർക്ക് മാത്രമുള്ള പദ്ധതിയാണിത്. സോഷ്യോളജി, കൊമേഴ്സ് എന്നിവയിലാണ് ബിരുദ കോഴ്സ്

2.ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ്. കോഴ്സ് കാലാവധി നാല് വർഷം. ആകെ എട്ട് സെമസ്റ്ററുകൾ.രജിസ്ട്രേഷൻ ഫീസ് 4530 രൂപ. ഓരോ സെമസ്റ്ററിലും ഫീസ് അടയ്ക്കണം. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് ഫീസില്ല

3. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്കും ഫീസ് അടയ്ക്കേണ്ടതില്ല. ബി.പി.എൽ വിഭാഗത്തിലെ നൂറ് പേരുടെ ഫീസ് ജില്ലാ പഞ്ചായത്ത് വഹിക്കും. ജില്ലാ പഞ്ചായത്തിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാക്ഷരതാമിഷൻ ഓഫീസിൽ സെപ്റ്റംബർ 10 വരെ അപേക്ഷ നൽകാം

തുല്യതാപഠിതാക്കളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ്‌ സാക്ഷാത്കരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ജീവിതാവസ്ഥയിലേയ്ക്ക് ഓരോ തുല്യതാപഠിതാവിനെയും എത്തിക്കാനുള്ള പരിശ്രമമാണ് പദ്ധതി

- കെ .ജി.രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്