ഉത്സവബത്തയില്ലാതെ റേഷൻ വ്യാപാരികൾ

Monday 01 September 2025 1:21 AM IST

ആലപ്പുഴ: ഓണം ആഘോഷിക്കാൻ എല്ലാവ‌ർക്കും ഉത്സവബത്ത നൽകുമ്പോൾ സംസ്ഥാനത്തെ റേഷൻ വ്യാപാരികളെ സർക്കാർ തഴഞ്ഞതായി ആക്ഷേപം. ധനവകുപ്പിനോട് ഭക്ഷ്യവകുപ്പ് ഉത്സവബത്ത ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. 1000 രൂപയെങ്കിലും നൽകണമെന്ന ആവശ്യമാണ് നിരസിച്ചത്.

ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് റേഷൻവ്യാപാരികൾക്ക് ഉത്സവബത്ത നൽകിയിട്ടുള്ളത്. കടകളിൽ സഹായത്തിന് നിൽക്കുന്നവ‌ർക്ക് കമ്മിഷൻ തുകയിൽ നിന്ന് വേണം ഓണത്തിന് പണം നൽകാൻ. ടി.എം. ജേക്കബ് ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് 500 രൂപ വ്യാപാരികൾക്ക് ഉത്സവബത്തയായി നൽകിയിരുന്നു.പിന്നീട് കൊവിഡ് കാലത്ത് 1000 രൂപ വീതം രണ്ടുതവണയും ലഭിച്ചു. മറ്റ് തൊഴിൽ മേഖലകളിൽ പുതുതായി വരുന്നവർക്ക് പോലും ഉത്സവ ബത്ത നൽകുമ്പോഴാണ് 70 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികളെ തഴയുന്നത്.

നടക്കാത്ത വാഗ്ദാനം

 കഴിഞ്ഞ വർഷം ഉത്സവബത്ത സംബന്ധിച്ച് ചർച്ച നടന്നെങ്കിലും നടപ്പായില്ല

 തൊഴിലാളികൾക്ക് ഉത്സവബത്തയായി നിശ്ചയിക്കുന്ന തുക ക്ഷേമനിധി ത്വരിതപ്പെടുത്തുന്നതിന് ഉപയോഗിക്കാമെന്ന നിർദ്ദേശം ഉണ്ടായെങ്കിലും തുടർനടപടി ഉണ്ടായില്ല

 ഈ തീരുമാനത്തിന് വ്യാപാരികൾ മൗനാനുവാദം നൽകിയതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് പിന്നീട് ചർച്ചകളൊന്നും നടന്നിട്ടില്ല

റേഷൻ വ്യാപാരികൾ

സംസ്ഥാനത്ത്: 13915

ജില്ലയിൽ: 1202

എല്ലാ തൊഴിൽ മേഖലയിലും നൽകുന്നതുപോലെ റേഷൻ വ്യാപാരികൾക്കും ഉത്സവബത്ത നൽകണം. സർക്കാരും ധന വകുപ്പും റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം

- എൻ. ഷിജീർ,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ