മഴയിൽ കുതിർന്ന് അമ്മനഗറിലെ മൺപാത്ര നിർമ്മാണക്കാർ

Monday 01 September 2025 12:07 AM IST

വടക്കാഞ്ചേരി: നാടാകെ ഓണാഘോഷത്തിരക്കിൽ അമരുമ്പോൾ കാലം തെറ്റി പെയ്ത മഴയിൽ കുതിർന്ന് മൺപാത്രനിർമ്മാണ മേഖല. വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് അമ്മ നഗറിലെ മൺപാത്രനിർമ്മാണക്കാർക്ക് മഴക്കാലം ജോലിയും കൂലിയുമില്ലാത്ത പട്ടിണിയുടെ നാളാണ്. പാത്രങ്ങൾ ഉണക്കിയെടുക്കാനും വിപണനം നടത്താനും കഴിയാത്ത അവസ്ഥ. കുലത്തൊഴിലല്ലാതെ മറ്റൊരു തൊഴിൽ കൈവശമില്ലാത്ത തൊഴിലാളികൾ ഉൾപ്പെടുന്ന 32 വീടുകളാണ് ഇവിടെയുള്ളത്. ജില്ലയിലെവിടെയും കളിമണ്ണ് കിട്ടാനില്ല. പട്ടാമ്പി - കുറ്റിപ്പുറം പ്രദേശങ്ങളിൽ നിന്നാണെത്തിക്കുന്നത്. ഒന്നര യൂണിറ്റ് ഉൾക്കൊള്ളുന്ന ലോറി ഇവിടെയെത്തണമെങ്കിൽ 18,000 രൂപ നൽകണം. 250 ഉരുളയാണ് ഒരു ലോറിയിലുണ്ടാവുക. കഴിഞ്ഞവർഷം 15,000 മുതൽ 17,000 രൂപ വരെയായിരുന്നു നിരക്ക്. ഓട്ടുകമ്പനികളിൽ ബംഗളൂരു മണ്ണാണ് വിൽപ്പനയ്ക്കുള്ളത്. ഒരു കട്ടയ്ക്ക് വില 48 രൂപ. ഈ മണ്ണുകൊണ്ട് പാത്രം നിർമ്മിക്കാനാകില്ല. തൃക്കാക്കരയപ്പൻ, ചെടിച്ചട്ടി എന്നിവ നിർമ്മിക്കാം. ഗ്യാസ് അടുപ്പുകളുടെയും അലൂമിനിയം - സ്റ്റീൽ പാത്രങ്ങളുടെയും കടന്നുകയറ്റം സാദ്ധ്യതകൾ കുറച്ചു. ഇതോടെ, കറിച്ചട്ടികൾ, കുടം, കലശപാനികൾ, കളിപ്പാട്ടങ്ങൾ, കിണർ റിംഗ് എന്നിവയിലേക്ക് ഈ സമുദായം വഴി മാറി.

വിപണിയും പ്രതിസന്ധിയിൽ

വിപണിയാണ് കുംഭാരസമുദായം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ആലുവയാണ് പ്രധാന വിപണി. 50 രൂപയുടെ കലത്തിനും മീൻചട്ടിക്കും 30 രൂപയാണ് മൊത്ത വിതരണക്കാർ നൽകുക. ഓണക്കാലം മഴയെടുത്തതോടെ ഓണ വിപണി ലക്ഷ്യമിട്ട് നിർമ്മിച്ച മൺപാത്രങ്ങളെല്ലാം കെട്ടിക്കിടക്കുകയാണ്. തൃശൂർ ശക്തൻ മാർക്കറ്റിന് സമീപം വ്യാപാരത്തിനായെത്തിച്ച നൂറ് കണക്കിന് മൺപാത്രങ്ങളും കരകൗശല വസ്തുക്കളുമാണ് പെരുമഴയിൽ പുറത്തെടുക്കാനാകാതെ ഷീറ്റിനുള്ളിൽ മൂടിയിട്ടിരിക്കുന്നത്.

തൃക്കാക്കരയപ്പൻ

ഓണത്തോടനുബന്ധിച്ച് തൃക്കാക്കരയപ്പൻ നിർമ്മാണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. ഇതിലാണ് ഇനി ഇവരുടെ പ്രതീക്ഷ. മൂന്ന് തൃക്കാക്കരയപ്പന്മാരടങ്ങിയ സെറ്റിന് 150 രൂപയാണ് ഈടാക്കുന്നത്.

മഴക്കാലദുരിതം അകറ്റാൻ പ്രത്യേക പരിഗണന വേണം. അമ്മ നഗറിൽ അടിസ്ഥാന സൗകര്യങ്ങളുണ്ട്. മഴക്കാലത്ത് ചൂളയിടാനും ഉണക്കിയെടുക്കാനും ആവശ്യമായ സഹായം നൽകണം.

തൊഴിലാളികൾ