സാങ്കേതിക സർവകലാശാല ഭരണസ്‌തംഭനം; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Monday 01 September 2025 12:00 AM IST

ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയിലെ ഭരണസ്‌തംഭന വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിൻഡിക്കേറ്റ് യോഗത്തിലേക്ക് സർക്കാർ പ്രതിനിധികളെ അയയ്ക്കാൻ കഴിയുമോയെന്നതിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് അറിയിക്കണമെന്ന് കോടതി നിർദ്ദേശമുണ്ട്. എ.പി.ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല വി.സി ഡോ. കെ.ശിവപ്രസാദ് സമർപ്പിച്ച ഹ‌ർജി, ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് പരിഗണിക്കുന്നത്. രണ്ടുമാസമായി സർക്കാർ പ്രതിനിധികൾ സഹകരിക്കാത്തതിനാൽ സിൻഡിക്കേറ്റ് യോഗം ചേരാൻ കഴിയുന്നില്ലെന്നാണ് പരാതി. ബഡ്‌ജറ്റ് പാസാക്കാൻ കഴിയാത്തതിനാൽ ജൂലായ് മുതൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

സെർച്ച് കമ്മിറ്റി രൂപീകരിച്ചതായി സർക്കാർ

സുപ്രീംകോടതി നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ സാങ്കേതിക - ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിര വി.സി നിയമനത്തിനായി വെവ്വേറെ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നാലു വീതം അംഗങ്ങളുള്ള ഇരു സമിതികളിലും, സുപ്രീംകോടതി റിട്ടേയർഡ് ജഡ്‌ജി സുധാൻഷു ധൂലിയ ആണ് അദ്ധ്യക്ഷൻ. ഗവർണറും സർക്കാരും കൈമാറിയ പട്ടികയിലുള്ളവരാണ് ഇവർ. രണ്ടു വീതം അംഗങ്ങളെ റിസർവായി വച്ചിട്ടുണ്ട്.

സാങ്കേതിക സർവകലാശാല

1. നിലോയ് ഗാംഗുലി,​ പ്രൊഫസർ,​ ഐ.ഐ.ടി ഖരഗ്പൂർ (സർക്കാർ)

2. വി.എൻ. അച്യുത നായ്‌കൻ,​ പ്രൊഫസർ,​ ഐ.ഐ.ടി ഖരഗ്പൂർ (സർക്കാർ)

3. ഡോ.ബിനോദ് കുമാർ കനൗജിയ,ഡയറക്‌ടർ, ഡോ.ബി.ആർ.അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ടെക്നോളജി, ജലന്ധർ (ഗവർണർ)

4. പ്രൊഫ.ഡോ.അവിനാശ് കുമാർ അഗർവാൾ,ഡയറക്‌ടർ,ഐ.ഐ.ടി ജോധ്പൂർ (ഗവർണർ)

ഡിജിറ്റൽ സർവകലാശാല

1. ഡോ. ടി.ആർ. ഗോവിന്ദരാജൻ,​ വിസിറ്റിംഗ് പ്രൊഫസർ,​ മദ്രാസ് യൂണിവേഴ്സിറ്റി (സർക്കാർ)

2. ഡോ. എസ്. ചാറ്രർജി,​ റിട്ട.പ്രൊഫസർ,​ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ആസ്ട്രോഫിസിക്‌സ്,​ ബംഗളൂരു (സർക്കാർ)

3. പ്രൊഫ.ഡോ.എസ്.മുകുൾ സുധാവൻ,ഡയറക്‌ടർ,അലഹബാദ് ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഗവർണർ)

4. പ്രൊഫ.ഡോ.വി.കാമകോടി, ഡയറക്‌ടർ, ഐ.ഐ.ടി ചെന്നൈ (ഗവർണർ)