അഞ്ചംഗ തമിഴ് ക്രിമിനൽ സംഘത്തെ വർക്കല പൊലീസ് പിടികൂടി
വർക്കല: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി രഹസ്യമായി താമസിച്ച പിടിച്ചുപറിക്കേസിലെ പ്രതികളെ വർക്കല ടൂറിസം പൊലീസ് പിടികൂടി. പ്രതികളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പടെയുള്ള അഞ്ചംഗ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. മധുരൈ ജയന്തിപുരം സ്വദേശികളായ മനോജ് കുമാർ,അരുൺ, മതിയഴകൻ,പ്രവീൺകുമാർ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. വധശ്രമക്കേസുകളിലും പന്ത്രണ്ടോളം പിടിച്ചുപറി കേസുകളിലും പ്രതികളായ ഇവർ കഴിഞ്ഞ 26ന് തമിഴ്നാട്ടിൽ പിടിച്ചുപറി നടത്തിയ ശേഷം വർക്കല ഹെലിപ്പാഡിലെ സ്വകാര്യ റിസോർട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കേരളത്തിലുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് പൊലീസ് വിവരം കേരള പൊലീസിന് കൈമാറി. പ്രതികൾ ട്രെയിൻ മാർഗ്ഗം വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയെന്ന വിവരത്തെ തുടർന്ന് വർക്കല ഡിവൈ.എസ്.പിയുടെ പ്രത്യേക നിർദ്ദേശത്തിൽ പാപനാശം റിസോർട്ടുകൾ കേന്ദ്രീകരിച്ച് ടൂറിസം പൊലീസ് പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് 4 ന്ശേഷം മുറിയെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തി തമിഴ്നാട് പൊലീസിന് കൈമാറി.
ഓണാഘോഷത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർ വർക്കല വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച് റിസോർട്ടുകളിൽ തമ്പടിക്കുന്നുണ്ടെന്ന വിവരം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.