ക്രോക്‌സ് ഉപയോഗിക്കുന്നവർ സൂക്ഷിച്ചോ, ബംഗളൂരുവിൽ യുവാവിന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം
ബംഗളൂരു: ചെരുപ്പിനുള്ളിൽ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബംഗളൂരുവിലെ ബന്നാർഘട്ടയിലാണ് സംഭവം. ടാറ്റ കൺസൾട്ടൻസി സർവീസിലെ ജീവനക്കാരനായ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ക്രോക്‌സ് ചെരുപ്പിനുള്ളിലായിരുന്നു പാമ്പ്. ഉച്ചയ്ക്ക് 12.45ന് കടയിൽ നിന്ന് തിരിച്ചെത്തി ചെരുപ്പ് പുറത്തിട്ട് മുറിയിലേക്ക് പോയി.
കുടുംബാംഗങ്ങളാണ് ചെരുപ്പിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ഇവർ റൂമിലെത്തിയപ്പോൾ വായിൽ നിന്ന് നുരയും പതയും വരുന്ന നിലയിലായിരുന്നു മഞ്ജുപ്രകാശിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടയിൽ നിന്ന് തിരിച്ചെത്തിയ ഇയാൾ നേരെ മുറിയിൽ പോയി ഉറങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം വീട്ടിലെത്തിയ തൊഴിലാളിയാണ് ചെരുപ്പിനുള്ളിലെ പാമ്പിനെ കണ്ടതെന്ന് മഞ്ജുവിന്റെ സഹോദരൻ പറഞ്ഞു. പാമ്പ് കടിയേറ്റത് മഞ്ജുപ്രകാശ് അറിഞ്ഞിരിക്കാൻ സാദ്ധ്യതയില്ലെന്ന് ബന്ധുക്കൾ പറയുന്നു.