യുവതികൾ താമസിക്കുന്ന സ്ഥലം ലക്ഷ്യമിട്ട് സനീഷ് എത്തും, വസ്ത്രങ്ങൾ മോഷ്ടിച്ച് സ്ഥലം കാലിയാക്കും
കൊച്ചി: യുവതികൾ താമസിക്കുന്ന ഹോംസ്റ്റേകളിൽ മോഷണം നടത്തുന്ന യുവാവിനെ ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്ന ചേരാനല്ലൂർ ഇടയക്കുന്നം മഠത്തിൽപ്പറമ്പിൽ വീട്ടിൽ സനീഷാണ് (24) പിടിയിലായത്. ചിറ്റൂരിലെ ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി അന്തേവാസിയായ യുവതിയുടെ സ്മാർട്ട് വാച്ചും സൗന്ദര്യവർദ്ധക വസ്തുക്കളും പഠന സർട്ടിഫിക്കറ്റുകളും കവർന്ന കേസിന്റെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
നിരവധി യുവതികളും പെൺകുട്ടികളും താമസിക്കുന്നതിനാൽ ഹോംസ്റ്റേയുടെ വാതിൽ എല്ലാ സമയത്തും പൂട്ടാറില്ലെന്ന് മനസിലാക്കിയാണ് ഇയാൾ മോഷണത്തിന് എത്തിയത്. പിടിക്കപ്പെടാതിരിക്കാൻ മുഖം മറച്ചാണ് യാത്ര. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പിടിയിലായത്.
ഇയാൾ സ്ത്രീകളുടെ വസ്ത്രങ്ങളും മോഷ്ടിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയാണ്. തൊടുപുഴയിലാണ് പോക്സോ കേസുള്ളത്. ഹോംസ്റ്റേയിൽ നിന്ന് കവർന്ന സാധനങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. എസ്.എച്ച്.ഒ ആർ. വിനോദ്, എസ്.ഐ ജി. സുനിൽ, എ.എസ്.ഐ മുഹമ്മദ് നസീർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.