ഡിജിറ്റൽ കാലത്ത് വായന പ്രോത്സാഹിപ്പിക്കപ്പെടണം: കളക്ടർ

Monday 01 September 2025 12:36 AM IST

തൃശൂർ: ഡിജിറ്റൽ കാലത്ത് വായന കുറയുകയാണെന്നും വായന പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കളക്ടർ അർജുൻ പാണ്ഡ്യൻ. സുമ വെണ്ണത്രയുടെ 'ഫ്രം ബാങ്ക് സ്ട്രീറ്റ് റോള' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു പുസ്തകം എഴുത്തുകാരിയുടേതെന്ന പോലെ കുറെയേറെപ്പേരുടെ പരിശ്രമമാണെന്ന് കളക്ടർ വിശദീകരിച്ചു. രോഗാതുരമാണെങ്കിലും കൊവിഡ് കാലം സൃഷ്ടിയുടെയും ഭാവനകളുടെയും കൂടി കാലഘട്ടമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.പി.സുരേന്ദ്രൻ പറഞ്ഞു. ഭാരതീയ വിദ്യാഭവൻ ജേണലിസം കോഴ്സ് ഡയറക്ടറായിരുന്ന ചിത്ര ശങ്കർ അദ്ധ്യക്ഷയായി. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'വാ, വായിക്കാം' പദ്ധതിയിലേക്ക് എഴുത്തുകാരി പുസ്തകങ്ങൾ കൈമാറി മുരളി, രശ്മി, താര കൊളത്തൂർ, ബി.സതീഷ് തുടങ്ങിയവർ സംസാരിച്ചു.