പുലർച്ചെ തൊഴുത്തിലേക്ക്; എട്ടാം ക്ലാസുകാരൻ ശാമുവേൽ ഒരു 'ഗോപാലകൃഷ്ണൻ'
തൃശൂർ: എട്ടാം ക്ലാസുകാരൻ ശാമുവേൽ പുലർച്ചെ കണ്ണുംതിരുമ്മി എഴുന്നേൽക്കുന്നത് തൊഴുത്തിലേക്കാണ്. എരുമകളും പശുക്കളുമായി 26 എണ്ണമുണ്ട്. എല്ലാം കറവയുള്ളത്. തൊഴുത്ത് വൃത്തിയാക്കി പാൽ കറന്നെടുത്ത് പശുക്കൾക്കും എരുമകൾക്കും പുല്ലും വെള്ളവും നൽകുമ്പോഴേക്കും നേരം വെളുക്കും. അമ്മ ലൈസി അപ്പോഴേക്കും പാൽ, കുപ്പികളിലും പായ്ക്കറ്റിലും നിറയ്ക്കും. പിന്നെ വീടുകളിലേക്കും കടകളിലേക്കും. തിരിച്ച് വീട്ടിലെത്തുമ്പോൾ സമയം ഒമ്പതിനടുത്ത്. കുളിച്ചൊരുങ്ങി ബാഗെടുത്ത് നേരെ സ്‌കൂളിലേക്ക്. എടതിരിഞ്ഞി ചേലൂർ അച്ചൻകാടൻ വർഗീസിന്റെ മകൻ ശാമുവേലിന്റെ ഒരു ദിനം തുടങ്ങുന്നതിങ്ങനെയാണ്. വൈകീട്ട് സ്‌കൂൾ വിട്ട് വന്നാൽ കൂട്ടുകാരോടൊപ്പം കളിക്കാൻ സമയമില്ല. വീണ്ടും തൊഴുത്തിലേക്ക് കയറും. ശാമുവേലിന്റെ കളിക്കൂട്ടുകാർ പശുക്കളും എരുമകളുമാണ്. എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
കൊവിഡ് കുട്ടിക്കർഷകനാക്കി
നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവ് വർഗീസിന് കൊവിഡ് വന്നത്. അതോടെ പശുക്കളെ നോക്കാൻ ചേട്ടൻ ദാനിയേലിനൊപ്പം ഇറങ്ങി. സൈക്കിളിലാണ് പാൽ വീട്ടിലും കടകളിലുമൊക്കെ എത്തിച്ചിരുന്നത്. പിന്നീട് ചേട്ടൻ പത്താം ക്ലാസെത്തിയതോടെ പരിപാലനം മുഴുവൻ ശാമുവേലായി. പശുവിനെ നോക്കി ബാക്കി സമയത്ത് പഠിച്ച് ചേട്ടൻ ദാനിയേൽ 91 ശതമാനം മാർക്കോടെ വിജയിച്ചു. ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുന്ന ചേട്ടൻ സഹായത്തിനുണ്ടെങ്കിലും എല്ലാ ജോലിയും ചെയ്യാൻ ഒരു മടിയുമില്ല ശാമുവേലിന്. വിവിധ അസുഖങ്ങളുണ്ടെങ്കിലും പാൽ ഹോട്ടലിലും വീട്ടിലുമൊക്കെ കൊടുക്കാൻ പോകുന്ന പിതാവിന് സഹായത്തിനായി ശാമുവേലും പോകും. പുലർച്ചെ മൂന്നിനായിരുന്നു പശുക്കളെ കറക്കാനും തൊഴുത്ത് കഴുകാനുമായി ശാമുവേൽ എഴുന്നേൽക്കാറ്. പണിയെല്ലാം കഴിഞ്ഞ് സ്‌കൂളിലെത്തുമ്പോൾ ക്ഷീണമാകും.
കളിക്കാൻ നേരമില്ല !
അദ്ധ്യാപകർക്കെല്ലാം കഷ്ടപ്പാട് അറിയുന്നതിനാൽ വൈകിയെത്തിയാലും ആരും ശിക്ഷിക്കാറില്ല. പഠനത്തിലും പിന്നിലല്ല. പക്ഷേ കൂട്ടുകാരോടൊപ്പം കളിക്കാൻ സമയം കിട്ടാറില്ല. കുട്ടികളുടെ കഷ്ടപ്പാട് കുറയ്ക്കാൻ ഒരു കറവക്കാരനുണ്ട്. എന്നാലും കാര്യങ്ങൾ നോക്കാൻ ശാമുവേലും നേരത്തെ എഴുന്നേൽക്കും. ദിവസവും കൂട്ടുകാരായ പശുക്കളുടെയും എരുമകളുടെയും അടുത്ത് പോയില്ലെങ്കിൽ ശാമുവലിനും സങ്കടം. ജബ്രുട്ടൻ എന്ന് പേരിട്ടിരുന്ന ഒരു പോത്തുംകുട്ടിയായിരുന്നു കളിക്കാൻ ഇതുവരെ ഉണ്ടായിരുന്നത്. അതിനെ വിറ്റു. എന്നാലും മൂരിക്കുട്ടികളും പശുക്കുട്ടികളും പോത്തുംകുട്ടികളുമൊക്കെ കൂടെ കളിക്കാനുണ്ട്. ദാനിയേലിന് മികച്ച ക്ഷീര കർഷകനുള്ള കൃഷിഭവന്റെ അവാർഡ് കിട്ടിയിട്ടുണ്ട്.
അപ്പന്റെയും അമ്മയുടെയും കഷ്ടപ്പാട് കുറയ്ക്കാൻ കുറച്ച് കഷ്ടപ്പെടുന്നതിൽ സന്തോഷമേ ഉള്ളൂ.
ശാമുവേൽ.