മിന്നൽപ്രളയം; 18 മലയാളികൾ അടക്കമുള്ള സംഘം ഹിമാചൽ പ്രദേശിൽ കുടുങ്ങി

Monday 01 September 2025 12:43 AM IST

ന്യൂഡൽഹി/കൊച്ചി: ഹിമാചൽപ്രദേശിലെ മിന്നൽപ്രളയത്തിനിടെ കൽപയിൽ കുടുങ്ങി 18 മലയാളികൾ അടക്കമുള്ള 25 അംഗ സംഘം. എറണാകുളം, മലപ്പുറം, തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് ഇവരെന്ന് സംഘാംഗമായ ആലുവ സ്വദേശി വരദ ആർ. നായർ പറഞ്ഞു. സ്‌പിറ്റിയിൽ നിന്ന് കൽപയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ രണ്ടു ദിവസമായി കൽപയിൽ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡ് മാർഗമുള്ള യാത്രയും സാധ്യമല്ല. കൂടാതെ സംഘത്തിലുള്ള ചിലർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് വിവരം.

ഇൻസ്റ്റഗ്രാം കൂട്ടായ്മയിലൂടെയാണ് 25 അംഗ സംഘം ആഗസ്റ്റ് 25ന് ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. മണാലിയും സ്പിതി താഴ്വരയും സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ,​കനത്ത മഴമൂലം മണാലി സന്ദർശനം ഉപേക്ഷിച്ച് സ്പിതിയിലേക്ക് യാത്ര തുട‌ർന്നു. സ്പിതിയിൽ നിന്ന് കൽപ്പയിലെത്തിയ സംഘമാണ് സിംലയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച റോഡിൽ കുടുങ്ങിയതെന്ന് നിലമ്പൂർ സ്വദേശി ഷാറൂഖ് ഹുസൈൻ പറഞ്ഞു.

അതേസമയം,​ കൽപ്പയിലെ ദി മൗണ്ടൻ സെറിനിറ്റി ഹോട്ടലിൽ കഴിയുന്ന സംഘത്തിന് പ്രദേശിക ഭരണകൂടത്തിന്റെ പ്രതിനിധികൾ ആഹാരം, താമസസൗകര്യം തുടങ്ങിയ എല്ലാ സഹായങ്ങളും ഉറപ്പാക്കി. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് ഫോണിലൂടെയും ഡി.സി.പി അമിത്കുമാർ ശർമ്മ നേരിട്ടെത്തിയും വിവരങ്ങൾ തിരക്കി. ഇന്ന് വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ച് സംഘത്തെ തിരിച്ചെത്തിക്കുമെന്നും ഡി.സി.പി അറിയിച്ചു.

അതിനിടെ, മലയാളി സംഘത്തിന് സഹായം തേടി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരും സുഖ്‌വിന്ദർ സിംഗ് സുഖുവുമായി ഫോണിൽ സംസാരിച്ചു. ഇവർക്ക് വേണ്ട എല്ലാ സഹായവും എത്തിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

ജൂൺ 20 മുതൽ ആഗസ്റ്റ് 30 വരെ 91 മിന്നൽ പ്രളയങ്ങളാണ് ഹിമാചൽപ്രദേശിലുണ്ടായത്. 45 മേഘവിസ്‌ഫോടനങ്ങളും 93 മണ്ണിടിച്ചിലുമുണ്ടായി. മൂന്ന് ദേശീയപാതകളടക്കം 822 റോഡുകൾ മഴക്കെടുതിയെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.