ഇന്ത്യ വകവയ്‌ക്കാത്തതിൽ ട്രംപിന് അമർഷം: ഉപരോധം ഏർപ്പെടുത്താൻ യൂറോപ്പിനുമേൽ സമ്മർദ്ദം

Monday 01 September 2025 7:01 AM IST

വാഷിംഗ്ടൺ: തന്റെ തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യ ചൈനയുമായി കൈകോർക്കുന്നതിൽ പ്രകോപിതനായ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ കനത്ത ചുങ്കം ചുമത്താനും ഉപരോധം ഏർപ്പെടുത്താനും യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

ഇന്ത്യയിൽ നിന്നുള്ള എല്ലാ എണ്ണ,വാതക ഇറക്കുമതികളും നിറുത്തണമെന്നും തീരുവകൾ ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടെന്നാണ് സൂചന. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നത് കാട്ടിയാണിത്. യുക്രെയിനിൽ യുദ്ധം തുടരുന്നതിന് റഷ്യയ്ക്ക് വേണ്ട പണം എണ്ണ വ്യാപാരത്തിലൂടെ ഇന്ത്യ നൽകുന്നുവെന്നാണ് യു.എസിന്റെ ആരോപണം.

25 ശതമാനം പകരച്ചുങ്കത്തിന് പുറമേ റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ 25 ശതമാനം പിഴ തീരുവ കൂടി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ചുമത്തിയിട്ടുണ്ട്.

യൂറോപ്പ് മൗനത്തിൽ

ഇന്ത്യയ്ക്കെതിരെയുള്ള ട്രംപിന്റെ തീരുവ ഭീഷണികളെ യൂറോപ്യൻ രാജ്യങ്ങൾ പരസ്യമായി പിന്തുണയ്ക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് ചൈനയ്ക്കും ബ്രസീലിനും ഉപരോധം ഏർപ്പെടുത്തുമെന്ന് ജൂലായിൽ ട്രംപുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കിടെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ ഭീഷണി മുഴക്കിയത് വിവാദമായിരുന്നു. റൂട്ടെയുടെ ഭീഷണി ഇന്ത്യ തള്ളിയിരുന്നു.

യു.എസിന്റേത് ഇരട്ടത്താപ്പ്

1. യു.എസിന്റെ നടപടി ഇരട്ടത്താപ്പ്. റഷ്യയുമായി വ്യാപാര ബന്ധമുള്ള ഏക രാജ്യമല്ല ഇന്ത്യ

2. റഷ്യൻ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈന. കൂടുതൽ എൽ.എൻ.ജി വാങ്ങുന്നത് യൂറോപ്യൻ യൂണിയൻ. റഷ്യയുടെ പേരിൽ ഇവർക്കെതിരെ യു.എസിന്റെ ഭീഷണിയില്ല

3. യൂറോപ്യൻ യൂണിയൻ അംഗങ്ങളായ സ്ലോവാക്യയും ഹംഗറിയും പൈപ്പ്ലൈൻ വഴി റഷ്യൻ എണ്ണയും വാതകവും വൻതോതിൽ ഇറക്കുമതി ചെയ്യുന്നു. റഷ്യൻ ഉപരോധത്തെ ഇവർ എതിക്കുന്നുണ്ട്

4. യൂറോപ്യൻ രാജ്യങ്ങൾ ഗണ്യമായ അളവിൽ റഷ്യൻ ഫോസിൽ ഇന്ധനങ്ങളും വാങ്ങുന്നു

വിമർശിച്ച് പുട്ടിൻ

ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സാമൂഹിക, സാമ്പത്തിക വികസനത്തിന് തടസമാകുന്ന വിവേചനപരമായ ഉപരോധങ്ങളെ ബ്രിക്‌സ് ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പുട്ടിൻ പറഞ്ഞു. ചൈനയിൽ ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഒരു ചൈനീസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുട്ടിന്റെ പ്രസ്താവന.

ട്രംപ് എത്തിയേക്കില്ല

ഇക്കൊല്ലം അവസാനം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഉച്ചകോടിക്കെത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും തീരുവ വിഷയത്തിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ സന്ദർശനം ഒഴിവാക്കിയേക്കുമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ, യു.എസ്, ഓസ്‌ട്രേലിയ,​ ജപ്പാൻ രാജ്യങ്ങളുടെ സുരക്ഷാ കൂട്ടായ്‌മയാണ് ക്വാഡ്.