വീട്ടിൽ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിച്ചു, പണം കൊള്ളയടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
ബംഗളൂരു: ഉറങ്ങികിടന്ന യുവതിയെ ഉപദ്രവിച്ച ശേഷം കൊള്ളയടിച്ചു. ബംഗളൂരുവിലെ സുദ്ദഗുണ്ടേപാളയത്തിലെ പേയിംഗ് ഗസ്റ്റ് അക്കോമഡേഷനിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിസരത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ യുവതി താമസിക്കുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും കുറച്ച് സമയത്തിന് ശേഷം യുവതി ഇയാളെ ഓടിച്ചുവിടുന്നതും കാണാം.
ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു. എതിർത്തപ്പോൾ മുറിയിൽ നിന്ന് 2,500 രൂപ കൈക്കലാക്കി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. സുദ്ദഗുണ്ടേപാളയ പൊലീസ് അജ്ഞാതനായ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് മൂന്നിന് ബംഗളൂരുവിലെ ഒരു കോളേജ് വിദ്യാർത്ഥിനിക്കും ഏറെക്കുറെ സമാനമായ അനുഭവം ഉണ്ടായതായി പരാതി ലഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥിനി താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഉടമ ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയായ അഷ്‌റഫ് രാത്രി വൈകി പെൺകുട്ടിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.