മുഖം ഷേവ് ചെയ്യാറുണ്ടോ? ആറ് കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം, പല പ്രശ്‌നങ്ങൾക്കും കാരണമിതാണ്
Monday 01 September 2025 11:10 AM IST
പലരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നതാണ് മുഖത്തുണ്ടാകുന്ന അമിത രോമവളർച്ച. ഇത് മാറ്റാനായി പല മാർഗങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. ലേസർ ട്രീറ്റ്‌മെന്റ് പോലുള്ള സ്ഥിരപരിഹാരം ലഭിക്കുന്ന മാർഗങ്ങൾ ലഭ്യമാണെങ്കിലും ചെലവ് കാരണം ഏറെപ്പേരും ഷേവിംഗ് അല്ലെങ്കിൽ വാക്‌സിംഗാണ് ചെയ്യാറുള്ളത്. എന്നാൽ, നല്ല ശ്രദ്ധയോടെ വേണം ഇക്കാര്യങ്ങൾ ചെയ്യാൻ. അല്ലെങ്കിൽ, പല ഗുരുതര പ്രശ്‌നങ്ങളിലേക്കും നയിക്കും. അതിനാൽ, മുഖത്തെ രോമം നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
- കൃത്യമായ അറിവില്ലെങ്കിൽ സ്വയം മുഖത്തെ രോമം നീക്കം ചെയ്യാതിരിക്കുക. ലേസർ ട്രീറ്റ്‌മെന്റ് ചെയ്യുന്നവർ കൃത്യമായ യോഗ്യതയുള്ള പ്രാക്‌ടീഷണറെ മാത്രം സമീപിക്കുക. ചർമത്തിന് ഇത് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ട്രീറ്റ്‌മെന്റ് തുടങ്ങുക.
- നന്നായി വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക. അല്ലെങ്കിൽ ഷേവ് ചെയ്‌തശേഷം മുഖം കൂടുതൽ വരണ്ടതാകാൻ സാദ്ധ്യതയുണ്ട്.
- ഫേഷ്യൽ റേസർ ചൂടുവെള്ളത്തിൽ കഴുകി നല്ല വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഒരേ റേസർ നാല് തവണയിൽ കൂടുതൽ ഉപയോഗിക്കരുത്.
- മുഖം ഷേവ് ചെയ്‌തശേഷം നേരിട്ട് സൂര്യപ്രകാശമേൽക്കാൻ പാടില്ല. ഇത് പെട്ടെന്ന് ചർമത്തിൽ കരിവാളിപ്പുണ്ടാകാൻ കാരണമാകുന്നു. പുറത്തിറങ്ങുമ്പോൾ ഉറപ്പായും സൺസ്‌ക്രീൻ ഉപയോഗിക്കണം.
- മറ്റ് അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ലേസർ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം ഡോക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ മറക്കരുത്.
- മുഖം ഷേവ് ചെയ്‌തയുടൻ ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുന്നത് നല്ലതാണ്. ശേഷം മുഖത്ത് മോയ്‌സ്‌ചറൈസർ അല്ലെങ്കിൽ കറ്റാർവാഴ ജെൽ നിർബന്ധമായും പുരട്ടിയിരിക്കണം.