യുവതിയെ കാറിൽ പിന്തുടർന്നെത്തി തീ കൊളുത്തി കൊന്നു, പങ്കാളി അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരുവിൽ 35കാരിയെ ക്യാബ് ഡ്രൈവറായ പങ്കാളി തീകൊളുത്തി കൊന്നു. വനജാക്ഷി എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. സ്ഥിരം മദ്യപാനിയായ പ്രതി വൈത്തൽ മുമ്പ് മൂന്ന് തവണ വിവാഹിതനായിരുന്നുവെന്ന് പൊലീസ് പറയുന്നു. വനജാക്ഷിയും രണ്ട് തവണ വിവാഹിതയായിരുന്നു, തുടർന്ന് ഏകദേശം നാല് വർഷം മുമ്പാണ് വൈത്തലുമായി യുവതി ബന്ധം ആരംഭിച്ചത്.
അമിതമായ മദ്യപാനത്തെ തുടർന്ന് വനജാക്ഷി അടുത്തിടെ വൈത്തലിൽ നിന്ന് അകന്നു കഴിയുകയായിരുന്നു. പിന്നീട് മാരിയപ്പ എന്നയാളുമായി സൗഹൃദം സ്ഥാപിച്ചത് വൈത്തലിനെ പ്രകോപിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം, മാരിയപ്പയ്ക്കൊപ്പം വനജാക്ഷി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ വൈത്തൽ ഇവരുടെ കാറിനെ പിന്തുടർന്നെത്തുകയും ട്രാഫിക് സിഗ്നലിൽ വച്ച് വാഹനം തടഞ്ഞുനിർത്തി വണ്ടിക്കുള്ളിലേക്ക് പെട്രോൾ ഒഴിക്കുകയുമായിരുന്നു. മറ്റുള്ളവർ കാറിൽ നിന്ന് ഇറങ്ങിയോടിയെങ്കിലും വൈറ്റൽ വനജാക്ഷിയെ പിന്തുടർന്ന് കൂടുതൽ പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ദേഹമാസകലം കത്തിയമർന്ന വനജാക്ഷിയെ അതുവഴി കടന്നു പോയവരാണ് ആശുപത്രിയിലെത്തിച്ചത്. 60ശതമാനത്തോളം പൊള്ളലേറ്റ വനജാക്ഷി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിസാര പൊള്ളലേറ്റ വൈത്തലിനെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി.