250 വിഭവങ്ങൾ! വിളമ്പാൻ ഇലയിൽ സ്ഥലമില്ല; ഇതാണ് ലക്ഷക്കണക്കിനുപേർ കൊതിച്ച ഓണസദ്യ, വീഡിയോ

Monday 01 September 2025 2:40 PM IST

കേരളത്തിൽ നിരവധി ഫുഡ് വ്ലോഗർമാരുണ്ടെങ്കിലും അതിലെല്ലാം തികച്ചും വ്യത്യസ്‌തനാണ് ഫിറോസ് ചുട്ടിപ്പാറ. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഓരോ വീഡിയോയും ലക്ഷക്കണക്കിനുപേരാണ് കാത്തിരിക്കുന്നത്. ഓരോ വീഡിയോയിലും വ്യത്യസ്‌തത കൊണ്ടുവരുന്ന ഫിറോസ് ഈ ഓണത്തിനും വ്യത്യസ്‌തമായ ഒരു സദ്യയാണ് പ്രേക്ഷകർക്കായി തയ്യാറാക്കിയിരിക്കുന്നത്. 250 വിഭവങ്ങളാണ് ഈ സദ്യയിലുള്ളത്.

വളരെ കഷ്‌ടപ്പെട്ടാണ് സദ്യ തയ്യാറാക്കിയതെന്ന് ഫിറോസ് പറയുന്നുണ്ട്. ഇതിനായി സുഹൃത്തുക്കളുടെ നാട്ടിലുള്ള സഹോദരിമാരും ഒപ്പം കൂടി. രാത്രി തുടങ്ങിയ പാചകം രാവിലെയാണ് കഴിഞ്ഞത്. മേശപ്പുറത്ത് വലിയ ഇലയിട്ടാണ് സദ്യ വിളമ്പിയത്. പല തരത്തിലുള്ള തോരൻ, കാളൻ, ഓലൻ, ചമ്മന്തി, അച്ചാറുകൾ തുടങ്ങിയവ ഇലയിൽ വിളമ്പി. പുതിന രസം മുതൽ പുളി രസം വരെയുണ്ട്. സാമ്പാറും പല തരത്തിലുണ്ട്.

ഇലയിൽ സ്ഥലമില്ലാത്തതിനാൽ ചില വിഭവങ്ങൾ വിളമ്പാൻ പറ്റിയില്ലെന്നാണ് ഫിറോസ് പറയുന്നത്. വിളമ്പിയ ശേഷം പതിവുപോലെ ആസ്വദിച്ച് സദ്യ കഴിക്കുന്നതും വീഡിയോയിൽ കാണാം. ചുരുങ്ങിയ മണിക്കൂറിനുള്ളിൽ തന്നെ ലക്ഷക്കണക്കിനുപേരാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ടപ്പോൾത്തന്നെ വയറുനിറഞ്ഞു എന്നാണ് ചിലർ കമന്റിട്ടിരിക്കുന്നത്. യൂട്യൂബ് ചാനൽ അവസാനിപ്പിക്കുന്നു എന്നുപറഞ്ഞ ഫിറോസിക്ക പുതിയ വീഡിയോ ഇട്ടതിൽ സന്തോഷമെന്നും ചില കമന്റുകൾ വന്നിട്ടുണ്ട്.