അഫ്‌ഗാൻ ഭൂകമ്പം: മരണസംഖ്യ 800 കടന്നു, 2500ലേറെപ്പേർക്ക് പരിക്ക്
കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു. 2500ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നൂർ ഗുൽ, സോകി, വാട്ട്‌പൂർ, മനോഗി, ചപാഡേർ തുടങ്ങിയ ജില്ലകളെയാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്. പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് വിവരം.
ഒട്ടേറെ പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ രക്ഷാപ്രവർത്തകർ സ്ഥലത്ത് തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായും മറ്റ് ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വരുന്നതോടെ മരണസംഖ്യ ഉയരുമെന്നും കുനാറിന്റെ പ്രവിശ്യാ വിവര മേധാവി നജിബുള്ള ഹനീഫ് പറഞ്ഞു.
അതേസമയം ഇന്നലെ പ്രാദേശിക സമയം രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. വൻ നാശനഷ്ടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.