റെഡിമെയ്‌ഡ് പൂക്കളം നിർമിച്ച് സൗമ്യ സമ്പാദിക്കുന്നത് ലക്ഷങ്ങൾ, ഒന്നിന് വില 4500 രൂപവരെ

Monday 01 September 2025 5:19 PM IST

ആലപ്പുഴ: കട്ടിയുള്ള കോട്ടൺ തുണിയിൽ ഫെതർ വൂൾ ഒട്ടിച്ച് ചേർത്തല വാരണം ദേവകി സദനത്തിൽ സൗമ്യ തയ്യാറാക്കുന്ന റെഡിമെയ്ഡ് പൂക്കളങ്ങൾക്ക് യു.കെയിലും യു.എ.ഇയിലും വൻ ഡിമാന്റാണ്. റെഡിമെയ്ഡ് പൂക്കളത്തിന്റെ വീഡിയോ കണ്ട് രണ്ടാഴ്ചക്കിടെ മുപ്പതോളം വിദേശ ഓർഡറുകളാണ് ലഭിച്ചത്. പൂക്കളം ഒരുക്കാനുള്ള പ്രയാസവും തുടർ വർഷങ്ങളിലും ഉപയോഗിക്കാമെന്ന ഗുണവുമാണ് സൗമ്യയുടെ പൂക്കളങ്ങൾക്ക് വിദേശരാജ്യങ്ങളിൽ ഡിമാൻഡ് കൂട്ടുന്നത്.

ആവശ്യക്കാരുടെ ഇഷ്ടമനുസരിച്ചുള്ള ഡിസൈനുകളിൽ രണ്ടു മുതൽ നാലടി വരെ വലിപ്പത്തിൽ പൂക്കളം ഒരുക്കും. രണ്ടായിരം രൂപ മുതൽ നാലായിരത്തഞ്ഞൂറ് രൂപ വരെയാണ് വില. ബി.എഡിന് ശേഷം ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന 38കാരി സൗമ്യ കൊവിഡ് കാലത്ത് പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ നിർമ്മിച്ചാണ് തുടക്കമിട്ടത്. പിന്നീട് നെറ്റിപ്പട്ടം നിർമ്മാണത്തിലേക്ക് കടന്നു.

ഫോട്ടോകൾ ഉൾക്കൊള്ളിച്ച് തിടമ്പിന്റെ രൂപത്തിലുള്ള വ്യത്യസ്തമായ മെമെന്റോകൾ, നെറ്റിപ്പട്ടത്തിനുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള വാൽക്കണ്ണാടി, മയിൽപ്പീലിയിൽ ഫോട്ടോഫ്രെയിം തുടങ്ങിയവയ്ക്ക് ധാരാളം ഓർഡർ ലഭിച്ചതോടെ സഹായികളായി പത്ത് പേരെക്കൂടി കൂട്ടി. വീടിന്റെ ടെറസിലാണ് ഇവയുടെ നിർമ്മാണം. നെറ്റിപ്പട്ടം മുതൽ പൂക്കളം വരെ ഇതിനകം പതിനഞ്ചിലധികം രാജ്യങ്ങളിലേക്ക് പതിനായിരത്തിലധികം ഓർ‌ഡറുകൾ എത്തിച്ചുകഴിഞ്ഞു. ഭർത്താവ് ഹരിഹരനും മക്കളായ ദേവികയും ധന്വന്തും, അമ്മ ശാന്തയും പിന്തുണയുമായി ഒപ്പമുണ്ട്.