സ്റ്റേഷനുകൾ 'ക്ളീൻ' ആക്കണം ഡി.ഐ.ജിയുടെ കർശനനിർദ്ദേശം

Monday 01 September 2025 8:32 PM IST

കാസർകോട്: പൊലീസ് സ്റ്റേഷനുകൾ വൃത്തിയും വെടിപ്പുമുള്ളതാക്കാൻ ഡി.ഐ.ജിയുടെ നിർദ്ദേശം. ഇതിനായി തുടർച്ചയായി പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തും.റിപ്പോർട്ടുകൾ സമർപ്പിച്ച ശേഷം ആവശ്യമായ ആവശ്യമായ നടപടികൾ വേഗത്തിലുണ്ടാകും. ഓരോ പൊലീസ് സ്റ്റേഷനുകളിലും തൊണ്ടിമുതലുകളായുള്ള വാഹനങ്ങളുടെ കൂമ്പാരങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകളും പൊലീസുകാർ പരിശോധകരുടെ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്.

പരിശോധനാസംഘം പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള അസൗകര്യങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യും. സ്റ്റേഷൻ പരിശോധനക്ക് ഉന്നത ഓഫീസർമാർ തന്നെ നേതൃത്വം നൽകണമെന്നാണ് ഡി.ഐ.ജി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ സബ് ഡിവിഷനുകളിലെയും പൊലീസ് സ്റ്റേഷനുകളിൽ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ക്ളീൻ ചെക്കിനായി വിട്ടിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിൽ ദിനേനയുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കും. പൊലീസുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യും.

പൊലീസ് സ്റ്റേഷനുകൾ ക്ളീനായി നിലനിർത്തുന്നതിനായി കൃത്യമായി സന്ദർശിക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലീന്‍ ചെക്ക് അഭ്യർത്ഥനക്കായി ഓൺലൈൻ പോർട്ടൽ ഇല്ലാത്തതിനാൽ വിവരങ്ങള്‍ കണ്ടെത്താൻ കേരള പൊലീസ് വെബ്സൈറ്റ് ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അല്ലെങ്കിൽ സേവന വിതരണത്തിനായി കേരളാ പൊലീസ് മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കാസർകോട്ട് പരിശോധന പൂർത്തിയായി

കാസർകോട് ജില്ലയിൽ കാസർകോട് സബ് ഡിവിഷനിൽ അഡീഷണൽ എസ്.പി ദേവദാസനും ബേക്കൽ സബ് ഡിവിഷനിൽ ഡി. സി ആർ.ബി ഡിവൈ.എസ്.പി മണികണ്ഠനും കാഞ്ഞങ്ങാട് സബ് ഡിവിഷനിൽ കാസർകോട് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.സുനിൽകുമാറും മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരിശോധനകൾ പൂർത്തിയാക്കി.