അജ്ഞാത വാഹനമിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം

Tuesday 02 September 2025 1:44 AM IST

പാലക്കാട്: കഞ്ചിക്കോട് സ്കൂട്ടറിൽ അജ്ഞാത വാഹനം ഇടിച്ച് അദ്ധ്യാപിക മരിച്ചു. ചക്കാന്തറ കൈകുത്തി പറമ്പ് ഗേസ് കേ കോളനിയിൽ വിപിന്റെ ഭാര്യയും കോയമ്പത്തൂ‌ർ എ.ജെ.കെ കോളേജിലെ എച്ച്.ഒ.ഡിയുമായ ആൻസി(36) ആണ് മരിച്ചത്. കോളേജിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ കഞ്ചിക്കോട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. അപകടത്തിൽ ആൻസിയുടെ വലതു കൈ മുട്ടിനു താഴെ വേർപെട്ടു പോയിരുന്നു. സർവീസ് റോഡിൽ ഒരു സ്ത്രീ കിടക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാളയാർ പൊലീസും നാട്ടുകാരും ചേർന്നാണ് ആൻസിയെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റവേയാണ് മരണം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം കണ്ടെത്താനായിട്ടില്ല. മക്കൾ: ആസ്റ്റിൻ, അൽസ്റ്റൻ.