'റൂറൽ എസ്‌പിയുടെ വാട്സാപ്പ് സന്ദേശം കണ്ട പൊലീസുകാർക്ക് സംശയം'; തടഞ്ഞത് വലിയ തട്ടിപ്പ്
കൊല്ലം: കൊല്ലം റൂറൽ എസ്‌പിയുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ട് വഴി പൊലീസുകാരിൽ നിന്ന് പണം തട്ടാൻ ശ്രമം. ടികെ വിഷ്‌ണുപ്രദീപിന്റെ പേരിലാണ് 40,000 രൂപ ആവശ്യപ്പെട്ട് സന്ദേശം വന്നത്. അത്യാവശ്യമാണെന്നും ഉടൻ തിരിച്ചു നൽകാമെന്നും പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ കെെമാറുകയായിരുന്നു.
എസ്‌പിയുടെ പ്രൊഫെെൽ ചിത്രമുള്ള വാട്സാപ്പ് നമ്പറിൽ നിന്നാണ് സന്ദേശമെത്തിയത്. സന്ദേശത്തെ കുറിച്ച് പൊലീസുകാർ സീനിയർ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് റൂറൽ എസ്‌പിയുമായി ബന്ധപ്പെട്ടപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് മനസിലായത്. ആർക്കും പണം നഷ്ടമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ സെെബർ റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
'സൈബർ തട്ടിപ്പുകാർ നമ്മളിൽ ഒരാളായി നമുക്കിടയിൽ തന്നെയുണ്ടാകാം.! അവരിൽ നിന്നും നിങ്ങൾക്ക് കാവലായ് കൂടെ ഞങ്ങളുണ്ട്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക'- കേരള പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.