പാക് ഭീകരതയെ ചൈന തള്ളി, എസ്.സി.ഒയിൽ ഇന്ത്യൻ നിലപാടിന് അംഗീകാരം
ന്യൂഡൽഹി: പാകിസ്ഥാന്റെ ഉറ്റമിത്രം ചൈന ആതിഥേയത്വം വഹിച്ച ടിയാൻജിൻ ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നിലപാടിന് അംഗീകാരം.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്ത ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു.
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഉയർത്തുന്ന വാദങ്ങളെ ഇത്രയുംകാലം ചൈന എതിർത്തിരുന്നു.
ഭീകരാക്രമണങ്ങൾ നടത്തുന്നവരെയും ഒത്താശ ചെയ്യുന്നവരെയും നിയമവ്യവസ്ഥയുടെ മുന്നിൽ കൊണ്ടുവരണമെന്ന് എസ്.സി.ഒ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എല്ലാതരത്തിലുള്ള ഭീകരതയെയും അപലപിക്കുന്നതായി പ്രഖ്യാപനത്തിൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരത അടക്കം ചെറുക്കണം. ഭീകരതയെ നേരിടുന്നതിൽ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ചു. എസ്.സി.ഒയുടെ അദ്ധ്യക്ഷസ്ഥാനം കിർഗിസ്ഥാൻ ഏറ്റെടുത്തു.
'കൂലിക്കാരെ' വച്ച് ഭീകരത
ഭീകരത, വിഘടനവാദം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനൊപ്പം 'കൂലിക്കാരെ' വച്ച് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിനെയും എതിർക്കുമെന്ന് പ്രമേയത്തിൽ പരാമർശം. ഇതു പാകിസ്ഥാനെതിരെയുള്ള പരാമർശമെന്നാണ് വിലയിരുത്തൽ.
ഇരട്ടത്താപ്പ് വേണ്ട: മോദി
ഭീകരവാദത്തെ നേരിടുന്നതിൽ ഇരട്ടത്താപ്പു പാടില്ലെന്ന് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അംഗരാജ്യങ്ങൾക്ക് മോദി നന്ദി രേഖപ്പെടുത്തി.
എല്ലാ രീതിയിലുമുള്ള ഭീകരതയെയും ചെറുക്കാൻ ഉറച്ച നടപടി സ്വീകരിക്കേണ്ടതുണ്ട്. ഭീകരവാദ ധനസഹായം തടയാൻ ഏകോപിത നടപടി വേണം. അതിർത്തികടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ നേരിടാൻ എസ്.സി.ഒ മുന്നിട്ടിറങ്ങണം. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയാണു പുരോഗതിയുടെയും സമൃദ്ധിയുടെയും അടിസ്ഥാനം. എസ്.സി.ഒ ചട്ടക്കൂടിനു കീഴിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തിനും ആതിഥ്യ മര്യാദനയ്‌ക്കും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
കാറിൽ 50 മിനിട്ട് പുടിൻ-മോദി ചർച്ച
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും മടങ്ങിയത് ഒരേ വാഹനത്തിൽ. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന റിസ് കാൾട്ടൺ ഹോട്ടലിലേക്കാണ് പോയത്. ഉച്ചകോടി കഴിഞ്ഞ് പുറത്തിറങ്ങിയ പുടിൻ കാത്തുനിന്നു.10 മിനിട്ട് കഴിഞ്ഞാണ് മോദി വന്നത്. ഉടൻ തന്റെ കാറിലേക്ക് ക്ഷണിക്കുകയായിരുന്നു.
കാർ ഹോട്ടലിനു മുന്നിലെത്തിയിട്ടും പുറത്തിറങ്ങിയില്ല. അമ്പതു മിനിട്ടോളം ചർച്ച നീണ്ടു.
തുടർന്ന് ഹോട്ടലിൽ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ച നടന്നു. യുക്രെയിനിലെ സംഘർഷം അവസാനിച്ച് സമാധാനത്തിലേക്ക് മടങ്ങാനുള്ള നടപടികൾ വേണമെന്ന് മോദി ആവശ്യപ്പെട്ടു.റഷ്യൻ എണ്ണവാങ്ങുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് പിഴ തീരുവ ചുമത്തിയതിനു പിന്നാലെയാണ് ഇരുവരും ഒരുമിച്ച് യാത്ര ചെയ്തതും വാഹനത്തിലിരുന്ന് അസാധാരണ ചർച്ച നടത്തിയതും. യാത്രയുടെ ഫോട്ടോ മോദി എക്‌സിൽ പങ്കിട്ടു. പുടിനുമായുള്ള ഓരോ ചർച്ചയും എപ്പോഴും ഉൾക്കാഴ്ച നൽകുന്നവയാണെന്ന് മോദി കുറിച്ചു.