ഓണം സ്പെഷ്യൽ ഡ്രൈവ്; 101കുപ്പി വിദേശമദ്യം പിടികൂടി, മദ്യം സൂക്ഷിച്ചത് വീട്ടിലെ രഹസ്യ അറയിൽ
Tuesday 02 September 2025 1:30 AM IST
ബാലരാമപുരം: എക്സൈസ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 101 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. പെരിങ്ങമല ഇടുവ സ്വദേശി ബ്രിജേഷി(45)ന്റെ വീട്ടിൽ നിന്നാണ് 101 കുപ്പികളിലായി സൂക്ഷിച്ച 50 ലിറ്ററിലേറെ വിദേശമദ്യം എക്സൈസ് പിടികൂടിയത്. വീടിന്റെ വാതിലിനോട് ചേർന്നുള്ള രഹസ്യ അറയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്,പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കുമാർ,സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ അനീഷ്,ലാൽകൃഷ്ണ,പ്രസന്നൻ,അൽത്താഫ്,വിനോദ്,അഖിൽ,വനിതാ സിവിൽ പൊലീസ് ഓഫീസർ വിഷ്ണുശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അബ്കാരി കേസിൽ ബ്രിജീഷിനെതിരെ നിരവധി കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.