പെരുങ്ങുഴിയിൽ വീട് കുത്തിത്തുറന്ന് മോഷണം
ചിറയിൻകീഴ്: പെരുങ്ങുഴിയിൽ വീട് കുത്തിത്തുറന്ന് മോഷണം. വലിയവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പുറകുവശത്ത് പണ്ടാരവിള വീട്ടിൽ രവീന്ദ്രന്റെ വീട്ടിലാണ് ഇന്നലെ രാത്രിയിൽ മോഷണം നടന്നത്. രവീന്ദ്രനും ഭാര്യയും രണ്ടുദിവസമായി മുരുക്കുംപുഴയിലുള്ള മകളുടെ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ അയൽപ്പക്കത്തുള്ളവർ കണ്ട് വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീടിന്റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു. അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറികളിലെ വാതിലുകളും മുറികളിൽ സൂക്ഷിച്ചിരുന്ന അലമാരകളും കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാണ്. കുറച്ചുനാളുകളായി പ്രദേശത്തെ കർഷകരുടെ കാർഷിക വിളകളും മോഷ്ടിക്കപ്പെടുന്നുണ്ട്.