പഞ്ചായത്ത് ഓഫീസിനു മുന്നിൽ വീട്ടമ്മയുടെ സമരം: അടിയന്തര നടപടിവേണമെന്ന്  യു.ഡിഎഫ് 

Tuesday 02 September 2025 12:48 AM IST

കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന വീട്ടമ്മയുടെ സമരം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡിഎഫ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി. കാൻസർ രോഗിയും നിർധനയുമായ കോഴിമല സ്വദേശിനി പുതുപ്പറമ്പിൽ ഓമന കെബി (വീണ ഷാജി) കഴിഞ്ഞ 29 മുതൽ കാഞ്ചിയർ പഞ്ചായത്ത് ഓഫീസ് പടിക്കൽ നിരാഹാര സമരത്തിലാണ്. പിഎംഎവെ പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമാണത്തിന് പെർമിറ്റ് നൽകാത്തതിൽ പ്രതിക്ഷേധിച്ചാണ് സമരം. ഇവരുടെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുമ്പോഴും നടപടിയെടുക്കാൻ സർക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. കോഴിമല മേഖലയിൽ ഓമന ഉൾപ്പെടെ 21 പേർക്കാണ് വീടുകൾ ലഭിക്കാത്തത്. നിലവിലുണ്ടായിരുന്ന വീടുകൾ പൊളിച്ചുമാറ്റി പ്ലാസ്റ്റിക് മറക്കുള്ളിലാണ് നിർധന കുടുംബങ്ങൾ കഴിയുന്നത്. സ്ഥലം എംഎൽഎയും, മന്ത്രിയുമായ റോഷി അഗസ്റ്റിൻ പല പ്രാവശ്യം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. സ്ഥലത്തെത്തിയിട്ടും നിരാഹാരം നടത്തുന്ന വീട്ടമ്മയെ നേരിൽ കാണാൻ മന്ത്രി തയ്യാറായിട്ടുമില്ല. ഉടനെ തന്നെ വീണ ഉൾപ്പെടെയുള്ളവർക്ക് വീട് പണിയുന്നതിന് അനുമതി നൽകണം, രോഗിയായ വീട്ടമ്മ നടത്തുന്ന സമരത്തിൽ മനുഷ്യാവകാശ, വനിതാ കമ്മീഷൻ അടിയന്തിരമായി ഇടപെടണമെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി യു.ഡിഎഫ് രംഗത്ത് വരുമെന്ന് മണ്ഡലം ചെയർമാൻ അനീഷ് മണ്ണൂർ, സിബി ഈഴക്കുന്നേൽ, അഗസ്റ്റിൻ പ്ലാത്തറമുറിയിൽ, പഞ്ചായത്തംഗങ്ങളായ ജോമോൻ തെക്കേൽ, ഷാജിമോൻ വേലംപറമ്പിൽ, സന്ധ്യ ജയൻ എന്നിവർ പറഞ്ഞു.