മുടപുരം ഓണക്കൂട് തേടി സഞ്ചാരികൾ എത്തിത്തുടങ്ങി

Tuesday 02 September 2025 1:59 AM IST

മുടപുരം: മുടപുരം നെൽപ്പാടത്തൊരുക്കിയ ഓണക്കൂടിലേക്ക് സഞ്ചാരികളെത്തിത്തുടങ്ങി. നെൽപ്പാടത്തിന് നടുവിൽ കൈത്തോടിന് മുകളിലായാണ് ഓണക്കൂട് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിൽ തീർത്ത ഓലമേഞ്ഞ ഓണക്കുടിലിനോടു ചേർന്ന് തോടിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ മനോഹാരിതയെ ഉൾക്കൊള്ളാൻ ചക്രവും ഘടിപ്പിച്ചിട്ടുണ്ട്. അത്തം നാളിലാണ് ഇതിന്റെ ഉദ്‌ഘാടനം നടന്നതെങ്കിലും അന്നുമുതൽ നവദമ്പതികൾ, വിവാഹവാർഷികം,ജന്മദിനം,സേവ് ദ ഡേറ്റ് ചടങ്ങുകൾക്കായി ഇവിടെ വന്ന് ഫോട്ടോ എടുക്കുകയും റീൽസെടുക്കുകയും ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളിൽ എന്നും ഒത്തുകൂടിയിരുന്ന വിശാലമായ പാടശേഖരത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ച് ചിന്തിച്ച ഒരുകൂട്ടം ചെറുപ്പക്കാരുടെ ആശയമാണ് മുടപുരം ഏലായിൽ ഓണക്കുടിലായി രൂപമെടുത്തത്. മുടപുരത്തെ ടൂറിസ്റ്റ് ഗ്രാമമാക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ഓണക്കുടിലിനൊപ്പം ഊഞ്ഞാലും

മുടപുരത്തെ അയൺ മോഡ് എൻജിനിയറിംഗ് എന്ന സ്ഥാപനമാണ് ഓണക്കുടിൽ നിർമ്മിച്ച് സ്പോൺസർ ചെയ്തിരിക്കുന്നത്. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം,ശ്രീനാരായണ ഗുരുമന്ദിരം,മുടപുരം ഗവ.യു.പി.സ്കൂൾ എന്നിവയ്ക്ക് സമീപമാണ് ഈ പാടശേഖരം. പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് ഓണക്കുടിലിനൊപ്പം ആലാത്ത് ഊഞ്ഞാലും പൂക്കളവും തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രപ്പറമ്പിന്റെ വിശാലതയിൽ കാർപാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റീലെടുത്താൽ സമ്മാനം നേടാം

മുടപുരം ഓണക്കുടിലിനെക്കുറിച്ച് റീലെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്യുന്നവർക്ക് സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കാഴ്ചക്കാരുണ്ടാകുന്ന റീലിന് 5000 രൂപ സമ്മാനം ലഭിക്കും. മുടപുരം അയൺ മോഡ് എന്ന സ്ഥാപനമാണ് ട്രോഫിയും സമ്മാനത്തുകയും നൽകുന്നത്. തിരുവോണദിവസം ഉച്ചയ്ക്ക് 12ന് വിജയിയെ പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 9207891243 എന്ന നമ്പറിൽ ബന്ധപ്പെടുക.