പൊന്നോണമെത്തി അതിർത്തിയിൽ പൂവില പൊള്ളുന്നു

Tuesday 02 September 2025 1:01 AM IST

ഉദിയൻകുളങ്ങര: തിരുവോണം അടുത്തതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന പൂക്കളിൽ ഗണ്യമായ കുറവും വിലക്കയറ്റവും പൂവിപണിയെ തകിടം മറിക്കുന്നു. പൂക്കൾക്കെല്ലാം പൊള്ളുന്ന വിലയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയിരുന്ന പൂക്കളുടെ വിലയിൽ വൻ വർദ്ധനയാണ്. പൂവില ഇനിയും വർദ്ധിക്കുമെന്ന ആശങ്കയിലാണ്. വില കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തുകളിൽ പൂക്കൃഷികൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും അവയൊന്നും ഫലപ്രദമാവാത്ത അവസ്ഥയിലാണ്. ഗ്രാമീണ മേഖലകളിൽ കൃഷി ചെയ്യപ്പെട്ടത് മഞ്ഞയും ചുവപ്പും നിറത്തിലുള്ള ജമന്തികളാണ്.

50 കിലോയിൽ താഴെ മാത്രമാണ് ഓരോ പഞ്ചായത്തിനും ഇതുവരെ കൃഷി ചെയ്യാനായത്. ഇവിടെ കൃഷി ചെയ്ത പൂക്കൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കളേക്കാൾ നാല് അഞ്ച് ശതമാനം വില കുറവാണ് ഉള്ളത്. പൂവില നിയന്ത്രിക്കാൻ സർക്കാർ ശ്രമം തുടങ്ങി എന്ന് ആവർത്തിച്ചു പറയുമ്പോഴും സംസ്ഥാന അതിർത്തിയിൽ അടക്കം പൂവില ഉയർന്നുതന്നെയാണ്.