ഇനി രണ്ടുനാൾ, നാടും നഗരവും ഓണലഹരിയിൽ
ആലപ്പുഴ : നാളെ പൂരാടം. ഓണത്തിന് ഇനി രണ്ടുനാൾ മാത്രം ശേഷിക്കെ നാടുംനഗരവും ഓണലഹരിയിലായി. കടകളിലും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളിലും തിരക്കേറി. മഴയ്ക്ക് നേരിയ ശമനമുണ്ടാകുകയും ജീവനക്കാർക്കുൾപ്പെടെ ശമ്പളവും ബോണസും ലഭിക്കുകയും ചെയ്തതോടെ നാടാകെ ഷോപ്പിംഗ് തിരക്കിലാണ് . സപ്ളൈകോയുടെയും ഹോർട്ടികോർപ്പിന്റെയും നേതൃത്വത്തിലുള്ള ഓണം ഫെയറുകളിലെല്ലാം ഓണസദ്യയ്ക്കാവശ്യമായ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കേറി.
പൊതുവിതരണ വകുപ്പ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റ് സെപ്തംബർ മാസം മുഴുവൻ ലഭ്യമാകുമെന്ന് അറിയിപ്പുണ്ടെങ്കിലും റേഷൻ കടകളിലെല്ലാം കിറ്രുവാങ്ങാനെത്തുന്നവരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തുണിക്കടകളിലും ഗൃഹോപകരണ വിപണന കേന്ദ്രങ്ങളിലുമാണ് ഓണക്കച്ചവടം പൊടിപൊടിക്കുന്നത്. ഡിസ്കൗണ്ടുകളും ആകർഷകമായ ഓഫറുകളുമായാണ് ഓണം പർച്ചേയ്സിനെത്തുന്നവരെ വ്യാപാരികൾ കാത്തിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഓണക്കോടിയെടുക്കാനെത്തുന്നവരുടെ തിരക്കിലാണ് തുണിക്കടകൾ. സ്കൂളുകൾ അടച്ചതോടെ കുട്ടികളുമായെത്തി അവർക്ക് ഇഷ്ട വസ്ത്രങ്ങളെടുക്കാനെത്തുന്നവരാണേറെയും. മുൻ വർഷങ്ങളെ അപേക്ഷിച്ച് പുതിയ മോഡലുകളോടും ട്രെൻഡുകളോടുമാണ് പുതുതലമുറയ്ക്ക് കമ്പം.
വഴിയോരക്കച്ചവടം തകർക്കുന്നു
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുൾപ്പെടെ നഗരങ്ങളിലും പ്രധാന ടൗണുകളിലും വഴിയോര വാണിഭങ്ങളും സജീവമാണ്. തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പും ചേർന്നൊരുക്കിയ ഓണച്ചന്തകളിലും കുടുംബശ്രീ ഓണം വിപണന കേന്ദ്രങ്ങളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കുണ്ട്.
ഓണം അവധിയായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വിദ്യാർത്ഥികളും ഐ.ടി. പ്രൊഫണലുകളുമുൾപ്പെടെ നാട്ടിലെത്തി തുടങ്ങി.
പ്രത്യേക സർവീസുകൾ
ഓണത്തിരക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂരമടക്കം കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. ഓണം അടുത്തതോടെ ജില്ലയിലെ പ്രധാന നഗരങ്ങളിലും ടൗൺഷിപ്പുകളിലും യാത്രക്കാരുടെ തിരക്കേറുന്നതനുസരിച്ച് ഗതാഗതക്കുരുക്കും കൂടി. ഗതാഗത തടസം ഒഴിവാക്കാനും ക്രമസമാധാന പാലനത്തിനും ടൗണുകളിലുൾപ്പെടെ ശക്തമായ പൊലീസ് ബന്തവസും ക്രമീകരിച്ചിട്ടുണ്ട്.