അനധികൃത അറവുശാലകൾക്ക് പൂട്ട് വീഴും കുന്നുകുഴി അറവുശാല യാഥാർത്ഥ്യമായതോടെ നടപടികൾക്ക് നഗരസഭ
തിരുവനന്തപുരം: കുന്നുകുഴിയിലെ അറവുശാല യാഥാർത്ഥ്യമായതോടെ
തലസ്ഥാന നഗരത്തിലെ അനധികൃത അറവുശാലകൾക്ക് തടയിടാൻ നഗരസഭ ഒരുങ്ങുന്നു.ഇതിനായി പുതിയ സർക്കുലർ ഇറക്കാനാണ് ഒരുക്കം.ഇതിന് മുന്നോടിയായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.അറവുശാല ആരംഭിക്കണമെങ്കിൽ ലൈസൻസ് വേണമെന്ന മാർഗനിർദ്ദേശവും കൊണ്ടുവരും.ദിനംപ്രതി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ചെറിയ മേൽക്കൂരയുണ്ടാക്കി പോത്ത്,കാള,ആട് എന്നീ മൃഗങ്ങളുടെ അറവ് നിയമവിരുദ്ധമായി നടക്കുന്നുണ്ട്.കൃത്യമായ നിയമവും കർശന മാർഗനിർദ്ദേശങ്ങളുമുണ്ടായിട്ടും ബഹുഭൂരിപക്ഷം അറവുശാലകളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഹോട്ടലുകൾക്കെതിരെ പരിശോധനയും നടപടിയും വ്യാപകമാകുമ്പോഴും മാംസാഹാരങ്ങൾ എവിടെനിന്നെത്തുന്നുവെന്ന പരിശോധന മാത്രമുണ്ടാകുന്നില്ല.പ്രാഥമിക കണക്കനുസരിച്ച് 350ഓളം അനധികൃത അറവുശാലകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.ഇതിൽ എന്നും പ്രവർത്തിക്കുന്നവയും വിശേഷ ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കുന്നവയുമുണ്ട്.
തോന്നുംപടി പ്രവർത്തനം
ലൈസൻസില്ലെന്ന് മാത്രമല്ല യാതൊരു ശുചിത്വവും പാലിക്കാതെയാണ് പല അറവുശാലകളുമിന്ന് പ്രവർത്തിക്കുന്നത്.അറവുശാലകൾ പ്രവർത്തിക്കണമെങ്കിൽ നഗരസഭയിൽ നിന്ന് ലൈസൻസ് നേടണം.എന്നാൽ നഗരത്തിൽ പ്രവർത്തിക്കുന്ന ഒന്നിനും ലൈസൻസില്ല.പലതും വൃത്തിഹീനമായ പരിസരത്താണ് പ്രവർത്തിക്കുന്നത്.
ലൈസൻസ് എടുക്കാൻ
നിലവിൽ ഓൺലൈനായി അപേക്ഷിച്ചാൽ ലൈസൻസ് ലഭിക്കും.എന്നാൽ മാനദണ്ഡങ്ങളനുസരിച്ച് പരിശോധനകൾക്ക് ശേഷമേ ലൈസൻസ് നൽകു.മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അറവുശാല സജ്ജീകരണത്തിന് തുക കൂടുന്നത് കൊണ്ടാണ് പലരും ലൈസൻസെടുക്കാത്തത്.84 നിർദ്ദേശങ്ങളുള്ള സർക്കാരിന്റെ അറവുശാല സർക്കുലർ നിലവിലുണ്ടെങ്കിലും 13 വർഷമായി അത് ഭേദഗതി ചെയ്യുകയോ പാലിക്കപ്പെടുകയോ ചെയ്തിട്ടില്ല.
നിയമമുണ്ട്, പാലിക്കാറില്ല
തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസില്ലാതെ ആർക്കും അറവുശാല നടത്താൻ സാധിക്കില്ല
പ്രത്യേകം സജ്ജമാക്കിയ കെട്ടിടമുണ്ടായിരിക്കണം
ഗർഭിണിയാണെങ്കിലോ, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുണ്ടെങ്കിലോ അറവ് പാടില്ല
അറവുശാലയിൽ എത്തിക്കുന്ന മൃഗത്തിന് 24 മണിക്കൂർ വിശ്രമം വേണം
അറവിന് മുൻപും ശേഷവും കാലിമൃഗം ഭക്ഷ്യയോഗ്യമോയെന്ന് വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ഉറപ്പുവരുത്തണം
മാംസം പ്രദർശിപ്പിക്കുന്നതിനും സൂക്ഷിക്കാവുന്ന സമയത്തിനും നിയന്ത്രണമുണ്ട്
മാലിന്യങ്ങൾ ജലാശയങ്ങളിൽ
നഗരത്തിലെ 350ഓളം അറവുശാലകളിൽ നിന്ന് ദിവസേന 20 മുതൽ 40ടൺ വരെ മാലിന്യമാണുണ്ടാകുന്നത്. നഗരത്തിലെ തോടുകളിലും ആറുകളിലും രാത്രിയിൽ ഇവ വൻതോതിൽ തള്ളുന്നു.നഗരത്തിലെ സ്വകാര്യ ഏജൻസികൾ അറവുമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നുവെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാലിത് കൃത്യമായി നടക്കുന്നുമില്ല. കിള്ളിയാർ,കരമനയാർ എന്നിവിടങ്ങളിലും ആമയിഴഞ്ചാൻ തോട്,തെക്കനക്കന കനാൽ എന്നിവിടങ്ങളിലും മാലിന്യം തള്ളുന്നുണ്ടെന്ന് നഗരസഭ കണ്ടെത്തിയിട്ടുണ്ട്.പക്ഷെ നടപടികളൊന്നുമുണ്ടായിട്ടില്ല. ജലാശയങ്ങളിലെ ഈ മാലിന്യം പലവിധ രോഗങ്ങൾക്കും കാരണമാകുന്നു.