ആലപ്പുഴ വാട്ടർ വണ്ടർലാൻഡ് പദ്ധതി മാർച്ചിനുള്ളിൽ
ആലപ്പുഴ : സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനുള്ള 'ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതി അടുത്ത മാർച്ച് മാസത്തിന് മുമ്പ് പൂർത്തിയാക്കാൻ ലക്ഷ്യം. സംസ്ഥാന സർക്കാർ തയാറാക്കിയ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം വായ്പയായി അനുവദിച്ചത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കനാൽക്കരകളുടെ നവീകരണത്തിന് മാത്രമായി 37കോടി രൂപയാണ് നീക്കിവച്ചിട്ടുണ്ട്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നിർവഹണ ഏജൻസി. ഉരാളുങ്കലിനാണ് നിർമാണച്ചുമതല. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി കെ.എസ്.ഇ.ബി, ഊരാളുങ്കൽ, മുസിരിസ് പ്രോജക്ട്, പി.ഡബ്ല്യു.ഡി റോഡ്, ബി.എസ്.എൻ.എൽ, നഗരസഭ, ഡി.ഡി ടൂറിസം തുടങ്ങിയ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തേണ്ടതുണ്ട്.
ബീച്ചും കനാലും അണിഞ്ഞൊരുങ്ങും
ആലപ്പുഴ ബീച്ചിന്റെ വികസനം
കനാൽ പുനരുദ്ധാരണം
കായൽതീരത്ത് ക്രൂയിസ് ടെർമിനൽ
പദ്ധതിയുടെ ചിലവ്
₹ 93.177 കോടി
പദ്ധതിയിൽ ഉൾപ്പെടുന്നവ
ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്കേപ്പിങ്, സൂചനാബോർഡുകൾ, പാർക്കിംഗ് ഗ്രൗണ്ട് , പ്രദർശനവേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായികവേദികൾ, സി.സി.ടിവികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ
വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷം നിർമ്മാണപ്രവൃത്തിയിലേക്ക് നേരിട്ട് കടക്കാനാകും. അടുത്തവർഷം മാർച്ചിന് മുമ്പ് പദ്ധതി യാഥാർത്ഥ്യമാകും
- എച്ച്.സലാം എം.എൽ.എ